കാസർകോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര കടപ്പുറത്തെ പിതൃതർപ്പണം ഒഴിവാക്കിയെങ്കിലും ഓൺലൈൻ വഴി പിതൃപൂജ നടത്തി. നൂറിലധികം പേരാണ് ബലിതർപ്പണ പൂജകൾക്കായി ഓൺലൈനായി ബുക്ക് ചെയ്തിരുന്നത്. രാവിലെ നട തുറന്നതിനു ശേഷം ഇവർക്കായി തിലഹോമവും പിതൃപൂജയും ക്ഷേത്രമതിലിന് അകത്ത് വെച്ച് നടത്തി.
നൂറ്റാണ്ടുകളായി കടൽക്കരയിൽ നടത്തിവന്നിരുന്ന ചടങ്ങുകൾ ഇതാദ്യമായി ക്ഷേത്രമതിൽ കെട്ടിനുള്ളിൽ പ്രതീകാത്മക പിതൃതർപ്പണ ചടങ്ങുകൾ നടത്തിയാണ് പൂർത്തീകരിച്ചത്.
പിതൃക്കൾക്ക് മോക്ഷം കിട്ടുന്ന തർപ്പണം മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാൻ കഴിയാത്തതിനാൽ മേൽശാന്തി നവീൻചന്ദ്ര കയർത്തായയും ബലികർമ്മങ്ങളുടെ പുരോഹിതൻ രാജേന്ദ്ര അർളിത്തായയും ചേർന്ന് അകത്ത് നടത്തുകയായിരുന്നു. സമുദ്രതീരത്ത് ചെന്ന് വരുണദേവന് ആദ്യം പൂജ ചെയ്ത ശേഷമാണ് ബലിത്തറ ഉണ്ടാക്കി ബലിതർപ്പണ ചടങ്ങുകൾ പതിവായി ആരംഭിക്കാറുള്ളത്. ഇത്തവണ സർക്കാർ നിർദേശം പാലിച്ചുകൊണ്ട് മേൽശാന്തി മാത്രം കടൽക്കരയിൽ ചെന്ന് സമുദ്രവന്ദനം നടത്തി മടങ്ങി. എല്ലാവാവിനും ചെയ്യുന്ന തിലഹോമവും തർപ്പണ നമസ്ക്കാരങ്ങളും നടത്തിയ ശേഷം ഉച്ചപൂജയോടെ നടയടച്ചു.
തൃക്കണ്ണാട് ക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ച പിതൃപൂജ, ബ്രാഹ്മണസദ്യ, രുദ്രാഭിഷേകം മുതലായവ ഓൺ ലൈൻ, തപാൽ വഴി ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരുന്നു .സാമൂഹിക അകലം പാലിക്കുന്നത് അപ്രായോഗികമായതിനാൽ കർക്കടക ബലി തർപ്പണം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഭക്തർക്ക് ഓൺലൈൻ സൗകര്യം ഒരുക്കിയത്.
ബൈറ്റ് ............
തൃക്കണ്ണാട് കടപ്പുറത്തെ പിതൃതർപ്പണ ചടങ്ങുകൾ എത്രയോ നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ്. അത് ഇതുവരെ മുടങ്ങിയിട്ടില്ല. ഇത്തവണ എല്ലാവർക്കും വേണ്ടി ചെറിയ തോതിലുള്ള ചടങ്ങ് ക്ഷേത്ര മതിലിന് അകത്തുതന്നെ നടത്തുകയാണ് ചെയ്തത്. സർക്കാർ നിർദ്ദേശം പൂർണ്ണമായും പാലിച്ച് ആളുകളെ പങ്കെടുപ്പിക്കാതെയാണ് പൂജാദി കർമ്മങ്ങൾ നടത്തിയത്.
നവീൻചന്ദ്ര കയർത്തായ
(മേൽശാന്തി, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം)