കൂത്തുപറമ്പ്: കൊവിഡ് ബാധിതയുടെ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യത്തിൽ കോട്ടയം പഞ്ചായത്തിൽ നടപടികൾ ശക്തമാക്കി. കിണവക്കൽ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം പഞ്ചായത്തിൽ കടകൾ തുറക്കുന്നത് ഉച്ചക്ക് 2 മണി വരെയായി പരിമിതപ്പെടുത്തി. കിണവക്കൽ സ്വദേശിനിയായ വീട്ടമ്മക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയത്.

രോഗബാധിതയായ സ്ത്രീ കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, സ്വകാര്യ ക്ലിനിക്ക് എന്നിവിടങ്ങളിൽ എത്തിയതും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാത്ത രോഗബാധയുണ്ടായ സാഹചര്യത്തിൽ കടുത്ത ജാഗ്രതയാണ് കോട്ടയം പഞ്ചായത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ഷബ്ന പറഞ്ഞു. 42 പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള കോട്ടയം പഞ്ചായത്തിൽ നിലവിൽ 13 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. .