യോഗത്തിൽ പങ്കെടുത്ത എൽ.ഡി.എഫ് നേതാക്കളുടെ പരിശോധനാഫലം നെഗറ്റീവ്
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയായ ജെ.ഡി.എസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തോടൊപ്പം എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുത്ത 12 നേതാക്കളുടെയും പരിശോധനാഫലം നെഗറ്റീവായത് ആശ്വാസമായി.
ഡോക്ടർ കൂടിയായ ഇദ്ദേഹത്തിന്റെ ക്ളീനിക്കിൽ പരിശോധനയ്ക്ക് എത്തിയ രോഗിയുടെ സമ്പർക്കത്തിൽ നിന്നാണ് കൊവിഡ് ബാധിച്ചത് എന്നാണ് കരുതുന്നത്. ജൂലായ് 11 ന് കാഞ്ഞങ്ങാട്ട് നടന്ന ഇടതുമുന്നണി ജില്ലാ കമ്മിറ്റി യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
എന്നാൽ പരിശോധനാ ഫലം നെഗറ്റിവ് ആയതിനാൽ നേതാക്കൾ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. കൃഷ്ണൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ. പി.വി. ദാമോദരൻ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജെ.ഡി.എസ് നേതാവ് സി.പി. രാജു, സരേഷ് പുതിയേടത്ത്, എൽ.ജെ.ഡി നേതാക്കളായ എം. കുഞ്ഞമ്പാടി, എ.വി. രാമകൃഷ്ണൻ തുടങ്ങി 12 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, മൊയ്തീൻ കുഞ്ഞി കളനാട് എന്നിവർ കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്ന് സ്രവപരിശോധന നടത്തും.