കാസർകോട്: ഉപ്പളയിൽ ഫ്ളാറ്റിന്റെ കോണിപ്പടിയിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഉപ്പള പത്വാടി റോഡിലെ പഴയ വൈദ്യുതി ഓഫീസിന് സമീപം ഫ്ളാറ്റിന്റെ ഒന്നാംനിലയിലെ കോണിപ്പടിയിലാണ് കഴിഞ്ഞ ദിവസം രാവിലെ രക്തംതളം കെട്ടി നിൽക്കുന്നത് കണ്ടത്. ഇതേ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി രക്തക്കറ പരിശോധിക്കുകയും ഫ്ളാറ്റിലെ ചില താമസക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.

അഞ്ച് ദിവസം മുമ്പ് ഉപ്പളയിൽ ഗുണ്ടാസംഘങ്ങൾ പണത്തെ ചൊല്ലിയുണ്ടായ സംഘട്ടനത്തിൽ രണ്ടുപേർക്ക് കുത്തേറ്റിരുന്നു. പ്രശ്നം പറഞ്ഞുതീർക്കാനായി സംഘങ്ങൾ രണ്ടുതവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്നും ഗുണ്ടാസംഘങ്ങൾ തമ്മിൽ കൊലവിളി നടത്തിയതായി പറയുന്നു. ഫ്ളാറ്റിന് സമീപത്തെ ഗ്രൗണ്ടിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ടാവാമെന്നും പരുക്കേറ്റയാൾ ഫ്ളാറ്റിന്റെ കോണിപ്പടിയിൽ രക്ഷതേടി എത്തിയിരിക്കാമെന്നുമാണ് നിഗമനം. രഹസ്യാന്വേഷണ വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്.