കൂത്തുപറമ്പ്: മുൻസിഫ് കോടതിയിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്ന നടപടി ആരംഭിച്ചു. സബ്ബ് ജയിൽ നിർമ്മാണത്തിന്റെ മുന്നോടിയായാണ് കോടതിയിലേക്ക് റോഡ് നിർമ്മിക്കുന്നത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ സബ്ബ്ജയിൽ നിർമാണവും ആരംഭിക്കും. ഏറെ നാളത്തെ അനിശ്ചിചിതത്വത്തിന് ശേഷമാണ് കൂത്തുപറമ്പ് മുൻസിഫ് കോടതിയിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നത്. സബ്ബ്ജയിൽ നിർമ്മാണം ആരംഭിക്കുന്നതോടെ നിലവിലുള്ള റോഡ് ഇല്ലാതാകുന്ന സാഹചര്യത്തിലാണ് പുതിയ റോഡ് നിർമ്മാണം.

അഞ്ച് മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സബ്ബ് ജയിലിന് തറക്കല്ലിട്ടിരുന്നെങ്കിലും നിർമ്മാണം ഇതുവരെയും ആരംഭിക്കാൻ സാധിച്ചിരുന്നില്ല. കോടതിയിലേക്ക് ബദൽ റോഡ് നിർമ്മിക്കാൻ വൈകുന്നതായിരുന്നു ജയിൽ നിർമ്മാണത്തിന് തടസ്സം. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും പരാതി നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ.കെ.ശൈലജയുടെ ഇടപെടലിനെ തുടർന്ന് റവന്യു വകുപ്പ് മൂന്നേമുക്കാൽ സെന്റ് സ്ഥലം അനുവദിച്ചതോടെ തടസ്സങ്ങൾ നീങ്ങിയത്. പഴയ ഗവ: എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് നിലനിന്നിരുന്ന സ്ഥലം റോഡ് നിർമ്മാണത്തിന് വേണ്ടി വിട്ടു നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പഴയ കെട്ടിടം പൊളിച്ച് റോഡ് നിർമിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഗതാഗതക്കുരുക്കിൽപ്പെടാതെ മുൻസിഫ് കോടതിയിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡായി ഇത് മാറും.