മാഹി: കൊവിഡ് നിയമങ്ങൾ ദുരുപയോഗം ചെയ്ത്, മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ വ്യാപാരി ജനവിരുദ്ധ നടപടികൾ തുടർന്നാൽ മയ്യഴിയിലെ രാഷ്ട്രീയ-സാമൂഹ്യ-സംഘടനകൾക്ക് നിയമം ലംഘിച്ച് പ്രക്ഷോഭം നടത്തേണ്ടി വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
മഹാമാരിയെ എങ്ങിനെ ജനകീയ പങ്കാളിത്തത്തോടെ നേരിടാമെന്നതിനെക്കുറിച്ച് ഇക്കാലമത്രയും മാഹിയിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുമായും, സന്നദ്ധ സംഘടനകളുമായും യോഗം വിളിച്ച് ചർച്ച പോലും ചെയ്യാത്ത മയ്യഴി അഡ്മിനിസ്‌ട്രേറ്റർ എടുക്കുന്ന മിക്ക തീരുമാനങ്ങളും, വ്യാപാരി സമൂഹത്തിനും പൊതുജനങ്ങൾക്കും ദോഷകരമായിത്തീരുകയാണ്.

കണ്ടെയിൻമെന്റ് സോണുകളില്ലാത്ത മാഹിയിൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ കടകൾ തുറക്കാവു എന്ന നിബന്ധന പിൻവലിക്കണം. ഇത് തിരക്കുകൾക്കിടയാക്കുന്നുണ്ട്. ഉപഭോക്താക്കളെ വ്യാപാരികൾക്ക് നിയന്ത്രിക്കാനാവില്ല. നിയമപാലകരാവട്ടെ വ്യാപാരികൾക്ക് പിഴയിടുകയും, പൂട്ടി സീൽ ചെയ്യുകയുമാണ്. മൂന്ന് മാസം കടയടച്ചിടുകയും, അതുവഴി സാധനങ്ങളടക്കം കേട് വന്ന് വൻ നഷ്ടം സഹിക്കേണ്ടി വരികയും, പൂട്ടിയിട്ട കടകൾക്ക് വാടക നൽകേണ്ടിയും വരുന്ന വ്യാപാരികളെ, മുൻസിപ്പാൽ ലൈസൻസിന്റെയും, യൂസർ ഫീയുടേയും പേരിൽ പിഴിയുകയാണ്. ഷാജി പിണക്കാട്ട്, എം. മുഹമ്മദ് യൂനിസ്, പായറ്റ അരവിന്ദൻ എന്നിവരും സംബന്ധിച്ചു.