കണ്ണൂർ: സൂപ്പർ ന്യൂമറി തസ്തികയിൽ ജോലിചെയ്യുന്ന മുഴുവൻ ഭിന്നശേഷി ജീവനക്കാർക്കും അവരുടെ സർവ്വീസ് ക്രമപ്പെടുത്തി പ്രൊബേഷൻ, പ്രമോഷൻ, ആശ്രിതനിയമനം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. 1999-2003 കാലയളവിൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച് 2013 ൽ പുനർനിയമനം ലഭിച്ച രണ്ടായിരത്തോളം ജീവനക്കാർക്കാണ് സർവ്വീസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാതിരുന്നത്.

മുൻകാലങ്ങളിൽ പുനർനിയമനം ലഭിച്ചാൽ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു. എന്നാൽ 2013 ൽ പുനർനിയമനം നൽകുമ്പോൾ ഏതൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. 2016 ൽ ഇതുസംബന്ധിച്ച ഉത്തരവ് പ്രകാരം കേവലം വാർഷിക ഇൻക്രിമെന്റ് മാത്രമേ സൂപ്പർ ന്യൂമറി തസ്തികയിൽ ജോലിചെയ്യുന്നവർക്ക് അർഹതയുള്ളൂവെന്നും മറ്റ് യാതൊരു സ്ഥിര ജീവനക്കാർക്കുളള ആനുകൂല്യങ്ങളും നൽകില്ലെന്നും വ്യക്തമാക്കി.

ഇതോടെ ജോലിയിൽ സ്ഥിരപ്പെട്ടിട്ടും ഇവർ താല്കാലിക ജീവനക്കാരുടെ ദൈന്യാവസ്ഥയിൽ തള്ളിവിടപ്പെട്ടു. ഏഴു വർഷത്തിലേറെയായി ഇത്തരത്തിൽ സൂപ്പർ ന്യൂമറി തസ്തികയിൽ നിയമനം ലഭിച്ചവർ സ്ഥിര ജീവനക്കാർക്കുളള സർവ്വീസ് നേട്ടത്തിനായി കണ്ണുംനട്ട് കഴിയാൻ തുടങ്ങിയിട്ട്.

സൂപ്പർ ന്യൂമറി തസ്തികയിലുള്ളവരുടെ സർവ്വീസ് ക്രമപ്പെടുത്തി പ്രൊബേഷൻ പൂർത്തിയാക്കി തുല്യനീതി നടപ്പിലാക്കണം.

ആനന്ദ് നാറാത്ത്, കണ്ണൂർ ജില്ലാ പ്രസിഡന്റ്,​ ഡിഫറന്റ്ലി ഏബിൾഡ് എംപ്ളോയിസ് അസോസിയേഷൻ