പഴയങ്ങാടി: മാട്ടൂൽ സൗത്തിൽ മണൽ മാഫിയ അക്രമം. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പടെ അഞ്ച് പേർക്ക് പരിക്ക്. മാട്ടൂൽ ലോക്കൽ കമ്മിറ്റിയംഗം സിമിൽ ജോയ് (28), ബിരിയാണി റോഡ് ലക്ഷം വീട് കോളനിയിലെ ആബിദ് (24), ഷഹബാസ് (24), ബെസ്ലി (30), അഖിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
അനധികൃത മണൽകടത്ത് രൂക്ഷമായതിനെ തുടർന്ന് മാട്ടൂൽ സൗത്ത് ബിരിയാണി റോഡിൽ നിന്ന് വടക്കുഭാഗത്തേക്കുള്ള കടപ്പുറം റോഡ് മണ്ണെടുപ്പ് മൂലം പൂർണമായും തകർന്ന് വെള്ളം നിറഞ്ഞ നിലയിലാണ്. ഇതുവഴി വീണ്ടും മണലെടുക്കുന്നത് വീടുകൾക്ക് ദോഷമാകുന്നതിനാൽ നാട്ടുകാർ റോഡ് തെങ്ങിൻ തടി ഇട്ട് തടഞ്ഞു. ഇത് നീക്കം ചെയ്യാൻ ഒരു സംഘം എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. തലയ്ക്കും നെറ്റിയിലും പരിക്കേറ്റ സിമിലും, ബെസ്ലിയും പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് മൂവരും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.