കാസർകോട്: ജില്ലയിൽ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരിൽ സമ്പർക്ക രോഗികൾ കൂടുതലുള്ള കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ (വാർഡ് 18), കുമ്പോൽ (വാർഡ് ഒന്ന്) എന്നിവ അടുത്ത ഏഴു ദിവസത്തേക്ക് പൂർണമായും അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഉത്തരവിട്ടു. കടകൾ ഉൾപ്പടെ സ്ഥാപനങ്ങൾ അടച്ചിടണം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ കൊവിഡ് നിർവ്യാപനത്തിനുള്ള ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് മാത്രമേ പ്രവർത്തിക്കാവൂ. ഇവിടെ ഓട്ടോ ടാക്സി സ്റ്റാന്റുകൾ അനുവദിക്കില്ല. ബസിൽ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. അനാവശ്യ യാത്രകൾ അനുവദിക്കില്ല. പ്രദേശം പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.