കാഞ്ഞങ്ങാട്: പറമ്പുകളിൽ വ്യാപകമായി വളരുന്ന ആന തൊട്ടാവാടി കന്നുകാലികൾക്കും, ക്ഷീരകർഷകർക്കും ഭീഷണിയാകുന്നു. പുതുക്കൈയിൽ ഒമ്പതു മാസം ഗർഭിണിയായ കാസർകോട് കുള്ളൻ ഇനത്തിൽപെട്ട പശു ചത്തത് ചെടി ഇലകൾ തിന്നതിനെ തുടർന്നാണെന്ന് സംശയമുയർന്നു. രണ്ടുമാസം ഗർഭിണിയായ മറ്റൊരു പശുവും അവശനിലയിലായി. ചെറുവത്തൂർ ഭാഗത്ത് രണ്ട് പശുക്കളും ഒരു പോത്തും ഇതു തിന്നു ചത്തതായി പറയുന്നുണ്ട്. വിഷാംശമുള്ള ഇതു വയറ്റിലെത്തിയ ഉടൻ കന്നുകാലികളുടെ വൃക്കയെ ബാധിച്ചു നീർക്കെട്ടുണ്ടാകുന്നുവെന്നാണ് വ്യക്തമാക്കുന്നത്.
പിന്നീട് മൂത്രത്തിലൂടെ രക്തം പോകും. ശ്വാസതടസവുമുണ്ടാകും. ഇതോടെ ഇവ തീരെ അവശരായി തീറ്റയെടുക്കാനാകാതെ ചലനമറ്റു മുഖവും കുത്തിപ്പിടിച്ചു പശുക്കൾ നിൽക്കുന്നതായി കർഷകർ പറഞ്ഞു. തൊട്ടാവാടി കുടുംബത്തിൽ പെട്ട ആനത്തൊട്ടാവാടി ബ്രസീലിയൻ ഇനമാണ്. പണ്ടി തൊട്ടാവാടി, നിലപ്പുല്ല് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ മുള്ള് ആനയ്ക്കു പോലും വേദനയുണ്ടാക്കുന്നതിനാലാണ് ആനത്തൊട്ടാവാടിയെന്നു പേരു വന്നതത്രെ. ഇതിലെ മിസോമിൽ എന്ന വിഷാംശമാണ് കന്നുകാലികളെ ദോഷകരമായി ബാധിക്കുന്നത്.
വർഷ കാലത്ത് ഇവ വ്യാപകമായി വളരും. അപൂർവം സ്ഥലങ്ങളിൽ മാത്രമേ ഈ ചെടി കണ്ടുവരാറുള്ളൂ. ഇതു കഴിച്ചാൽ മരുന്നില്ലെന്നതും ആശങ്കയ്ക്ക് കാരണമാണ്.
കന്നുകാലികളെ മേയാൻ വിടുമ്പോൾ ജാഗ്രത പുലർത്തുകയും ചെടി കണ്ടാൽ വേരോടെ പിഴുതു കളയുകയും മാത്രമാണു പ്രതിരോധ മാർഗം.
ഡോ. എം. മിനി, ചെമ്മനാട് ജമാഅത്ത് എച്ച്.എസ്.എസ് അദ്ധ്യാപിക, ബോട്ടണി ഗവേഷക