കൂത്തുപറമ്പ്: കേരളത്തെ നടുക്കിയ കണ്ണവം സ്കൂൾ ദുരന്തത്തിന് ഇന്ന് 51 വയസ് പൂർത്തിയാകുന്നു. കണ്ണവത്ത് പുതുതായി നിർമ്മിച്ച യു.പി. സ്കൂൾ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനുകളാണ് പൊലിഞ്ഞത്. ഓലഷെഡിൽ നിന്നും ഓടുപാകിയ പുതിയ ക്ലാസ് റൂമിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു 160 ഓളം കുട്ടികൾ. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വാർത്ത പത്രത്തിൽ വായിച്ചതിന്റെ ആഹ്ളാദം പങ്കിട്ടുകൊണ്ടിരിക്കെയാണ് കനത്തമഴയ്ക്കൊപ്പമെത്തിയ ചുഴലിക്കാറ്റ് നിമിഷ നേരം കൊണ്ട് എല്ലാം തകർത്തെറിഞ്ഞത്.
പുതുതായി നിർമ്മിച്ച നാലു ക്ലാസ് റൂം അടങ്ങിയ കെട്ടിടം പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുട്ടികൾ ഒന്നടങ്കം ചെങ്കലും, മൺകട്ടയും, മരത്തടികളും,ഓടും അടങ്ങിയ കൂമ്പാരത്തിനടിയിലായി. 1969 ജൂലായ് 22 ന് മൂന്ന് മണിയോടെയാണ് ദുരന്തമുണ്ടായത്. മുഴുവൻ കുട്ടികൾക്കും സാരമായി പരിക്കേറ്റു. അന്നത്തെ സ്കൂൾ പ്യൂൺ കെ.പി. രാഘവൻ നിലവിളിച്ച് കണ്ണവം ബസാറിലെത്തി അറിയിച്ചപ്പോൾ മാത്രമാണ് ദുരന്തത്തിന്റെ വിവരം പുറംലോകം അറിയുന്നത്.
അക്കാലത്ത് കണ്ണവം ഉൾപ്പെടുന്ന വനമേഖലയിലെ ഏക വിദ്യാലയമായിരുന്നു കണ്ണവം യു.പി.സ്കൂൾ. ആദിവാസി വിഭാഗത്തിൽ നിന്നുൾപ്പെടെയുള്ള കുട്ടികളുടെ പ്രധാന പഠനകേന്ദ്രവും ഈ സ്കൂളായിരുന്നു. മഴക്കാലമായാൽ ആശങ്കയോടെയാണ് കുട്ടികൾ സ്കൂളിൽ എത്തിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ കെട്ടിടമായതിനാൽ മുഴുവൻ കുട്ടികളും അന്ന് എത്തിയിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഇന്നും ഓർക്കുന്നു. ഇന്നത്തെ സ്കൂൾ കമ്മിറ്റി പ്രസിഡന്റ് എ.ടി.അലി ഹാജി, സ്കൂൾ മാനേജർ സി.കെ.യൂസഫ് ഹാജി എന്നിവർ ഉൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികൾ ഒന്നര മാസത്തോളമാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞത്. മാരകമായി പരിക്കേറ്റ പലരും വർഷങ്ങളോളം കിടപ്പിലായിരുന്നു.
അപകടം നടക്കുമ്പോൾ പ്രധാനാദ്ധ്യാപകനായിരുന്ന സി. ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യയായിരുന്നു സ്കൂൾ മാനേജർ. പിന്നീട് കണ്ണവം അൻവറുൾ ഇസ്ലാം മദ്രസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സ്കൂൾ ദുരന്തങ്ങളിലൊന്നായാണ് കണ്ണവം സ്കൂൾ ദുരന്തം ഇന്നും അറിയപ്പെടുന്നത്. കണ്ണവം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ പല പരിഷ്കാരങ്ങളും പിന്നീടുണ്ടായി.