കണ്ണൂർ: ജില്ലയിൽ ഈ വർഷം പ്ളസ് വണ്ണിന് 3840 ഓളം സീറ്റുകളുടെ കുറവ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ എസ്.എസ്.എൽ.സി .പാസായവരുടെ എണ്ണത്തിലുമധികം പ്ലസ് വൺ സീറ്റുകളുണ്ടാകുമ്പോഴാണ് കണ്ണൂർ അടക്കമുള്ള മലബാറിലെ ജില്ലകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ സീറ്റില്ലാത്തത്.
പോയ വർഷവും തെക്കൻ ജില്ലകളിലെ സ്കൂളുകളിൽ പല ബാച്ചുകളും കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് എന്നിവയിലും തെക്കൻ ജില്ലകളിൽ ആവശ്യത്തിലധികം സീറ്റുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ് ഇയിൽ എസ്.എസ്.എൽ.സി എഴുതിയവരും ഗൾഫിൽ എസ്.എസ്.എൽ.സി എഴുതിയവരും പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള സാദ്ധ്യതയുണ്ട്. ഒരു അദ്ധ്യയനവർഷത്തിൽ മാത്രം പത്തോ ഇരുപതോ ശതമാനം താത്കാലിക സീറ്റുവർദ്ധനവിലൂടെയാണ് സാധാരണ ഈ പ്രശ്നം പരിഹരിക്കുന്നത്. ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കുന്നത് മാത്രമാണ് ഇതിന് പരിഹാരം.
പുതിയ ബാച്ചുകൾ അനുവദിക്കണം
കണ്ണൂർ ജില്ലയിൽ ആവശ്യത്തിന് ഹയർസെക്കൻഡറി ബാച്ചുകളനുവദിച്ച് പരിഹാരമുണ്ടാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി പാസായ ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് സർക്കാർ, എയ്ഡഡ് മേഖയിൽ ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ പ്രൈവറ്റ് രജിസ്ട്രേഷൻ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരികയാണെന്ന് ഭാരവാഹികളായ ശബീർ എടക്കാട്, എസ്.ബി ഫാത്തിമ , ആശിഖ് കാഞ്ഞിരോട്, സഹീൻ, മുഹ്സീൻ ഇരിക്കൂർ എന്നിവർ ആവശ്യപ്പെട്ടു.
കണ്ണൂർ
എസ്.എസ്.എൽ.സി പാസായത് 32927
പ്ളസ് വൺ സീറ്റ് 29087
ഇനിയും വേണ്ട സീറ്റുകൾ 3840