tata-hospital
ടാറ്റ ഗ്രൂപ്പ് കാസർകോട് ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന കൊവിഡ് കണ്ടെയ്‌നർ ആശുപത്രി

കാസർകോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് കാസർകോട് ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന കൊവിഡ് കണ്ടെയ്‌നർ ആശുപത്രിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഈമാസം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി സർക്കാരിന് കൈമാറുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെങ്കിലും പൂർത്തീകരിക്കാൻ ഏറഎ ജോലികൾ അവശേഷിക്കുന്നതിനാൽ ഒരു മാസം കൂടി വേണ്ടിവരുമെന്നാണ് കരുതുന്നത്.

ഓരോ പ്രതിസന്ധി ഘട്ടത്തിലും സർക്കാരും ജില്ലാ ഭരണകൂടവും നൽകിയ സഹകരണമാണ് നിർമ്മാണ ജോലികൾ വേഗത്തിലാക്കിയതെന്ന് ടാറ്റ ഗ്രൂപ്പ് പ്രൊജക്റ്റ് അഡ്മിനിസ്ട്രേറ്റർ പി.എൽ ആന്റണി പറയുന്നു. ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മൂന്ന് സോണുകളായി തിരിക്കും.

ഇന്ത്യയിൽ പലയിടങ്ങളിലും അടിയന്തര ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിന് ടാറ്റ ഗ്രൂപ്പ് ഇത്തരത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ആശുപത്രികൾ സ്ഥാപിച്ചു നൽകിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 28 നാണ് ആശുപത്രിയുടെ നിർമ്മാണം തുടങ്ങിയത്. നിലവിൽ 50 തൊഴിലാളികളാണ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സാങ്കേതിക തൊഴിലാളികളേറെയും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. പ്രതികൂല കാലാവസ്ഥയും കൊവിഡ് രൂക്ഷമായതും ഇടയ്ക്ക് ആശുപത്രി നിർമ്മാണം മന്ദഗതിയിലാക്കിയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചാണ് മൂന്നുമാസം കൊണ്ട് ആശുപത്രിയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച കണ്ടെയ്‌നറുകൾ നിശ്ചിത സ്ഥലത്ത് ഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

സോൺ നമ്പർ1, 3 ക്വാറന്റൈൻ സംവിധാനം

അഞ്ചുവീതം കിടക്കകൾ, ഒരു ശുചിമുറി വീതം

സോൺ നമ്പർ 2 പ്രത്യേക ഐസൊലേഷൻ

5 ഏക്കർ

128 കണ്ടെയ്‌നറുകൾ

540 കിടക്കകൾ

ബൈറ്റ്

ആശുപത്രിക്കാവശ്യമായ 128 കണ്ടെയ്‌നറുകളും ചട്ടഞ്ചാലിൽ എത്തിച്ചിട്ടുണ്ട്. ഏതാനും കണ്ടെയ്‌നറുകൾ ഉറപ്പിക്കാൻ ബാക്കിയുണ്ട്. ഈ മാസം 30 നുള്ളിൽ പൂർത്തീകരിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അധികാരികൾ പറയുന്നുണ്ടെങ്കിലും പൂർണ്ണമായും നിർമ്മാണ ജോലികൾ തീരാൻ ഒരു മാസം കൂടി സമയമെടുത്തേക്കും. ഗ്രൗണ്ട് വർക്കുകൾ ധാരാളം തീരാനുണ്ട്. അവയെല്ലാം പൂർത്തീകരിക്കാൻ സമയമെടുക്കും. എന്നാലും കഴിയുന്നത്ര വേഗത്തിൽ തീർക്കുന്നതിന് ടാറ്റയുടെ ഉദ്യോഗസ്ഥർ കിണഞ്ഞുശ്രമിക്കുന്നതായി നേരിട്ടു കണ്ടപ്പോൾ ബോധ്യപ്പെട്ടു.

കെ. കുഞ്ഞിരാമൻ (ഉദുമ എം.എൽഎ )