തളിപ്പറമ്പ്: ദേശീയപാതയോരം കൈയേറി നിർമ്മിച്ച കൂറ്റൻ തട്ടുകടകൾ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി. ദേശീയപാതയോരത്തുള്ള അമ്പതോളം കടകൾക്ക് സ്വയം ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി.. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് സമീപം നിർമ്മിച്ച നാല് തട്ടുകടകളാണ് നീക്കം ചെയ്തത്.

നേരത്തെ തന്നെ പരാതികളെ തുടർന്ന് ഇത് നീക്കം ചെയ്യണമെന്ന് നടത്തിപ്പുകാർക്ക് ദേശീയപാത വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഇവർ തയ്യാറായില്ല. ഇതേ തുടർന്നാണ് ദേശീയപാത വിഭാഗം അസി എൻജിനിയർ വിപിനിന്റെ നേതൃത്വത്തിൽ കടകൾ പൊളിച്ചുനീക്കിയത്.

ദേശീയപാതയിൽ ഏതാണ്ട് 10 സെന്റോളം സ്ഥലം കൈയേറിയാണ് കടകൾ നിർമ്മിച്ചിരുന്നത്. പുതിയ ദേശീയപാത ബൈപ്പാസ് കടന്നുപോകുന്നത് ഇതുവഴിയാണെങ്കിലും അനധികൃത കടകൾ ഉള്ളതിനാൽ സർവേ ജോലികൾ നല്ല രീതിയിൽ നിർവ്വഹിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.