പഴയങ്ങാടി: സഞ്ചാരികൾക്കായി പിലാത്തറ- പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ രാമപുരം പാലത്തിനടുത്ത് വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. 1.76 കോടി രൂപ ചെലവിൽ കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി 40 സെന്റ് സ്ഥലത്താണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, പൂന്തോട്ടം, പക്ഷിസങ്കേതം, വയോജനങ്ങൾക്കായുള്ള ഇരിപ്പിടം, ജോഗിംഗ് കോർണർ, ഹെൽത്ത്ക്ളബ്ബുകൾ, ഗ്രീൻ റൂം, കഫ്ത്തീരിയ, വള്ളികുടിൽ, പുരുഷ -സ്ത്രീ ശൗചാലയം, സാംസ്കാരിക പരിപാടികൾക്കായുള്ള ഓപ്പൺ സ്റ്റേജ് എന്നിവയാണ് നിർമ്മിക്കുന്നത്. നിലവിൽ ഇവിടെയുള്ള മരങ്ങളെ സംരക്ഷിച്ച് കൊണ്ട് തികച്ചും പരിസ്ഥിതി സൗഹാർദ്ദമായിട്ടാണ് നിർമ്മാണ പ്രവൃത്തി നടക്കുന്നത്. റോഡിൽ കൂടിയുള്ള ദീർഘദൂര സഞ്ചാരികളെ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണ് വിശ്രമകേന്ദ്രം. കിണർനിർമാണവും കെട്ടിടങ്ങൾക്കും പൂന്തോട്ടങ്ങൾക്കുമായി നിലമൊരുക്കുന്ന പ്രവൃത്തികളും ഇതിനകം പൂർത്തീകരിച്ചു. 20 ലേറെ വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യത്തോടു കൂടിയാണ് പാർക്ക് ഒരുക്കുന്നത്. ടി.വി രാജേഷ് എം.എൽ.എയുടെ പരിശ്രമഫലമാണ് വഴിയോര വിശ്രമകേന്ദ്രം. കെ.എസ്.ടി.പി റോഡ് നിർമ്മാതാക്കളായ ആർ.ഡി.എസ് എന്ന സ്വകാര്യ കമ്പനിക്ക് തന്നെയാണ് വിശ്രമകേന്ദ്രത്തിന്റെയും നിർമ്മാണ ചുമതല. പടം: രാമപുരത്ത് നിർമ്മിക്കുന്ന കെ എസ് ടി പി വിശ്രമകേന്ദ്രം