നാട്ടുമാവ് പൈതൃക പ്രദേശ പ്രഖ്യാപനം ഇന്ന്
കണ്ണൂർ: മാമ്പഴക്കാലത്തെ ഹൃദയത്തോട് ചേർത്തു വച്ചൊരു ബാല്യത്തിലേക്ക് ഒരിക്കലെങ്കിലും ഓടിച്ചെല്ലാത്തവരുണ്ടോ? ഉറുമ്പുകടിയേൽക്കുന്ന മാവിൻ ചുവടും മധുരവും പുളിയും നിറയുന്ന മാമ്പഴക്കാലവും ഇല്ലാത്തൊരു ഓർമ്മ മലയാളിക്ക് അന്യമാണ് . മാമ്പഴ രുചികളെ ചേർത്തുപിടിച്ച് മാമ്പഴ ഗ്രാമമാകാനൊരുങ്ങുകയാണ് കണ്ണപുരം. മാമ്പഴ ദിനത്തോടനുബന്ധിച്ച് ഇന്ന് ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി ഈ കൊച്ചു ഗ്രാമത്തെ പ്രഖ്യാപിക്കും.
ഇതോടെ ലോകത്തുതന്നെ നൂറിലധികം നാട്ടുമാവുകൾ സ്വാഭാവിക നിലയിൽ കാണപ്പെടുന്ന ഏക ഹെറിട്ടേജ് സെന്റർ ആകും കണ്ണപുരത്തിന്റെ കിഴക്കൻ പ്രദേശമായ ചുണ്ട കുറുവക്കാവ് പരിസരം. വരും തലമുറയ്ക്ക് നാട്ടുമാവുകളുടെ രുചി പകരാൻ കണ്ണപുരം പഞ്ചായത്ത് നാലുവർഷത്തോളമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നാടൻ മാവ് ഗ്രാമം. കണ്ണപുരം മാങ്ങ, വെല്ലത്താൻ, മൂവാണ്ടൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, വടക്കൻ മധുര കടുക്കാച്ചി, അങ്ങിനെ എണ്ണിയാൽ തീരാത്ത മാവിനങ്ങളുണ്ട് കണ്ണപുരത്ത്. കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റർ ചുറ്റളവിൽ മാത്രം 500ൽ അധികം മാവുകളിൽ വൈവിധ്യമാർന്ന 107 നാട്ടുമാവിനങ്ങൾ ഉള്ളതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്സ് (എൻ.ബി.പി.ജി.ആർ) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജോൺ ജോസഫ് പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുമുണ്ട്.
203 ഇനം നാട്ടുമാങ്ങകൾ
കണ്ണപുരത്ത് ഇതുവരെ പഠനം 203 ഇനം നാട്ടുമാങ്ങകളെക്കുറിച്ചാണ് നടത്തിയത്. മാമ്പഴം രുചിച്ചുനോക്കിയ ശേഷമായിരുന്നു നാമകരണം. കുറുവക്കാവിന്റെ പരിസരത്തെ ഇരുപതോളം വീടുകളിൽ സംരക്ഷിച്ചുവരുന്ന നൂറിൽ അധികം ഇനം മാവുകൾക്ക് അവയുടെ പേരും പ്രത്യേകതയും മാമ്പഴത്തിന്റെ ചിത്രവും സഹിതം ടാഗ് ചെയ്ത് പ്രദേശത്തിന്റെ ഒന്നാകെയും പ്ലോട്ടുകളുടെ പ്രത്യേകമായും മാപ്പിംഗ് നടത്തിയാണ് ഹെറിട്ടേജ് സെന്റർ പ്രഖ്യാപനം.
ബൈറ്റ്
മറ്റ് പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് പഠനത്തിനും അന്വേഷണങ്ങൾക്കും മാവിനങ്ങൾ കൈമാറുന്നതിനും ആവശ്യമായ സഹായം ചെയ്യും. കണ്ണപുരം പഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾക്ക് ഗ്രാഫ്റ്റ് ചെയ്ത് വിവിധതരം മാവിനങ്ങൾ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്.-
കെ.വി. രാമകൃഷ്ണൻ, പ്രസിഡന്റ്, കണ്ണപുരം ഗ്രാമപഞ്ചായത്ത്
ബൈറ്റ്
കണ്ണപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ കഴിഞ്ഞ അഞ്ചു വർഷമായി കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകളെക്കുറിച്ച് പഠനം നടത്തുകയും, ചിത്രം സഹിതം ഓരോ ഇനങ്ങളെ തരംതിരിച്ച് ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്-
ഷൈജു മാച്ചാത്തി, പ്രവർത്തകൻ, നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ
കണ്ണപുരം മാങ്ങ