fish

തളിപ്പറമ്പ്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുലർച്ചെ ഒരു മണി മുതൽ മത്സ്യ മൊത്ത വിതരണം നടത്തിയതിനെ തുടർന്ന് തളിപ്പറമ്പ് മത്സ്യമാർക്കറ്റ് താൽക്കാലികമായി അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ, തലശേരി ഉൾപ്പെടെയുള്ള മത്സ്യമാർക്കറ്റുകൾ നേരത്തെ അടച്ചിട്ടിരുന്നു.

ഇവിടെ ചില്ലറ മത്സ്യവിൽപ്പന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു നടത്തിയിരുന്നത്. എന്നാൽ മറ്റ് മാർക്കറ്റുകൾ അടച്ചതോടെ ജില്ലയിലെ മിക്കവാറും ചെറുകിട - മത്സ്യവിൽപ്പനക്കാർ ബൈക്ക്, ഗുഡ്സ്, ഓട്ടോറിക്ഷ തുടങ്ങിയ നൂറുകണക്കിന് വാഹനങ്ങളിൽ തളിപ്പറമ്പ് മാർക്കറ്റിൽ എത്തുകയായിരുന്നു. ഒരു മാനദണ്ഡവും ഇല്ലാതെ ഇവർ കൂട്ടംകൂടി നിൽക്കുന്നതിന്റെയും മത്സ്യം വിൽപ്പന നടത്തുന്നതിന്റെയും തെളിവുകൾ അധികൃതർ ശേഖരിച്ചിരുന്നു. അതിനിടെ മുൻകാലങ്ങളിൽ തളിപ്പറമ്പിൽ നിന്നും മത്സ്യം വാങ്ങുന്ന ചെറുകിടക്കാർക്ക് മാത്രം ഇവിടെ പ്രവേശനം നൽകിയാൽ മതിയെന്ന് മൊത്തവിതരണ എജന്റുമാർ തീരുമാനിച്ചിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഇതുകൂടി കണക്കിലെടുത്താണ് മാർക്കറ്റ് താൽക്കാലികമായി അടച്ചിടാൻ കളക്ടർ ഉത്തരവിട്ടത്.