corona

കാഞ്ഞങ്ങാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫംഗമായ കാസർകോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കത്തിലായ അജാനൂർ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളും ജീവനക്കാരും പി.എയുടെ ബന്ധുക്കളും ക്വാറന്റൈയിനിൽ പ്രവേശിച്ചു. പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചിട്ടു.

മൂന്നാഴ്ച മുമ്പാണ് മന്ത്രിയുടെ സ്റ്റാഫംഗമായ രാവണീശ്വരം സ്വദേശി നാട്ടിലെത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തേക്ക് പോയിട്ടില്ല. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞുവരുന്ന ബന്ധുവിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവായതിനാൽ പി.എ പലതവണ രോഗിയുമായി ബന്ധപ്പെട്ടിരുന്നു. ഈ സമ്പർക്കമാണ് രോഗകാരണമെന്നറിയുന്നു. ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പുവരെ അജാനൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിൽ ഇദ്ദേഹം പലതവണ സഞ്ചരിച്ചിരുന്നു. പഞ്ചായത്ത് ഓഫീസിലും പലതവണ പോയിരുന്നു. നാട്ടിലെ ഒരു യോഗത്തിലും ഇയാൾ പങ്കെടുത്തതായി വിവരമുണ്ട്.