മട്ടന്നൂർ: നല്ല റോഡാണെന്ന് കരുതി ചീറിപായേണ്ട, ചതിക്കുഴികൾ ഒളിഞ്ഞുകിടപ്പാണ് മട്ടന്നൂർ- ഇരിട്ടി റോഡിൽ. മെക്കാഡം ടാറിംഗ് ചെയ്ത റോഡ് ആഴ്ചകൾക്കുള്ളിൽ തകർന്നു. റോഡിൽ കോടതിക്ക് സമീപത്താണ് റോഡ് തകർന്നത്. തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരു മാസം മുമ്പാണ് മെക്കാഡം ടാറിംഗ് ചെയ്തത്.
റോഡിന്റെ മദ്ധ്യഭാഗത്താണ് റോഡ് തകർന്നു ഗർത്തമുണ്ടായത്. നവീകരണ പ്രവൃത്തി പൂർത്തിയാകുന്നതിന് മുമ്പാണ് റോഡ് തകർന്നത്. മട്ടന്നൂർ മേഖലയിൽ കെ.എസ്.ടി.പി റോഡ് ഒന്നര വർഷം മുമ്പേ ആരംഭിച്ചിരുന്നുവെങ്കിലും നിർമാണം എങ്ങുമെത്താതെ കിടക്കുകയാണ്.
തകർന്നു കിടക്കുന്ന റോഡിൽ നിന്ന് 200 മീറ്റർ അകലെ മെക്കാഡം ടാറിംഗ് ചെയ്യാൻ റോഡ് പൊളിച്ചിട്ടുണ്ട്. ടാറിംഗ് ചെയ്യാനുള്ള പ്രവൃത്തി നടത്തിയെങ്കിലും നടന്നില്ല. ഒരു ഭാഗത്ത് മെക്കാഡം ടാറിംഗും മറുഭാഗത്ത് റോഡ് തകർന്നു ഗർത്തമുണ്ടാകുകയുമാണ്. റോഡിന്റെ ഇരുവശങ്ങളിലും ഓവുചാൽ നിർമിക്കാത്തത് മഴവെള്ളം റോഡിലെ ഒഴുകുന്ന സ്ഥിതിയാണ്. റോഡിലെ ചെരിവും കുഴിയും നിർമാണത്തിലെ അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.