കണ്ണൂർ: കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിലെ തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷൻമാർ, ജില്ലാ പൊലീസ് മേധാവി, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ഇന്നലെ നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ ഷോപ്പുകൾ, മാളുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം അഞ്ചു മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കാൻ പാടില്ല.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം അഞ്ചു മണിവരെ മാത്രം. അതിനു ശേഷം രാത്രി 8 മണിവരെ ഭക്ഷണം പാർസൽ വഴി വിതരണം ചെയ്യാം. കൂടാതെ ഹോട്ടലുകളിൽ സാമൂഹിക അകലം, സാനിറ്റൈസറിന്റെ ഉപയോഗം, മാസ്‌ക് ധാരണം തുടങ്ങിയവ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. സന്ദർശിക്കുന്നവരുടെ പേര് വിവരങ്ങളും മൊബൈൽ നമ്പറും പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കണം.
വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകളുടെ പ്രവർത്തനം പൂർണ്ണമായും നിരോധിച്ചു. തട്ടുകടകൾ നടത്തി ഉപജീവന മാർഗ്ഗം തേടുന്നവർക്ക് മറ്റ് തൊഴിലുകൾ ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ്.
ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം
അവശ്യ സാധനങ്ങൾ വിൽപന നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ ഒഴികെ മറ്റ് സ്ഥാപനങ്ങൾ ഞായറാഴ്ച തുറക്കാൻ പാടില്ല. അന്നേദിവസം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. ഞായറാഴ്ച അനാവശ്യ യാത്രകൾ പൂർണ്ണമായും നിരോധിച്ചു.
1. മത്സ്യ മാർക്കറ്റുകൾ ജൂലായ് 31 വരെ പൂർണ്ണമായും അടച്ചു
2. മാനദണ്ഡങ്ങൾ പാലിക്കാതെ ബസുകൾ സർവ്വീസ് നടത്തുന്നില്ലെന്ന് ആർ.ടി.ഒയും പൊലീസും ഉറപ്പു വരുത്തണം
3. ഓട്ടോറിക്ഷ/ടാക്സി എന്നിവയിൽ കാബിൻ സംവിധാനം ഏർപ്പെടുത്തണം
4. എല്ലാ സ്ഥാപനങ്ങളിലും സന്ദർശിക്കുന്നവരുടെ പേര് വിവരങ്ങളും, മൊബൈൽ നമ്പറും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം
5. എടിഎം കൗണ്ടറുകളിൽആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണം
6. വിവാഹച്ചടങ്ങുകൾ, ഗൃഹപ്രവേശനം ഉൾപ്പെടെയുള്ള മറ്റ് ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ എന്നിവ വാർഡ് തല കമ്മിറ്റികൾ അറിയാതെ യാതൊരു കാരണവശാലും സംഘടിപ്പിക്കരുത്
7. മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി