കണ്ണൂർ: കൊവിഡ് കാലം അറുതിയില്ലാതെ നീളുമ്പോൾ കോടികൾ മുടക്കി പുതുമോടിയിൽ നിർമ്മിച്ച കല്യാണ മണ്ഡപങ്ങൾ ആളനക്കമില്ലാതെ കടുത്ത ബാദ്ധ്യതയിലേക്ക്. സംസ്ഥാനത്തെ ആയിരത്തോളം കല്യാണമണ്ഡപങ്ങൾ അടച്ചുപൂട്ടി അഞ്ച് മാസം പിന്നിടുകയാണ്.
ഏപ്രിൽ, മേയ് മാസങ്ങൾ കല്യാണമണ്ഡപങ്ങളെ സംബന്ധിച്ച് ഏറ്റവും തിരക്കുള്ള സമയം കൂടിയാണ്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഏറ്റവുമധികം സാമ്പത്തിക തിരിച്ചടി നേരിട്ട മേഖലകളിലൊന്നാണിത്. ഈ മേഖലയെ ആശ്രയിക്കുന്ന നിരവധി അനുബന്ധ മേഖലകളും തിരിച്ചടിയിൽ പ്രതിസന്ധിയിലായിട്ടുണ്ട്. 2020 മാർച്ച് മുതൽ ജൂലായ് അവസാനം വരെയുള്ള എല്ലാ കല്യാണ ബുക്കിംഗുകളും ഇക്കാരണത്താൽ റദ്ദ് ചെയ്തു. എല്ലാ കല്യാണ ചടങ്ങുകളുടെയും അഡ്വാൻസ് തുക സ്ഥാപനങ്ങൾ തിരിച്ചുനൽകി കൊണ്ടിരിക്കുകയാണ്.
50 പേർക്കുള്ള ഹാളുകളിലേക്ക്
സാമൂഹിക അകലം പാലിച്ചുകൊണ്ട് 50 പേരെ മാത്രം പങ്കെടുപ്പിച്ചുള്ള വിവാഹങ്ങൾ നടത്താനാണ് ഇപ്പോഴുള്ള അനുമതി. 700 മുതൽ 1000 സീറ്റു വരെയുള്ള സൗകര്യത്തോടെയാണ് മിക്ക ഹാളുകളും നിർമ്മിക്കപ്പെട്ടിട്ടുളളത്. 50 പേരെ വച്ച് ഒരു ഓഡിറ്റോറിയത്തിന് ഫുൾ വാടക നൽകി ചടങ്ങുകൾ നടത്താൻ കഴിയാത്ത സ്ഥിതിയുമാണ്.
ഇതിനു സഹായകരമാകുന്ന രീതിയിൽ 50 പേരുടെ പങ്കാളിത്തത്തോടെയുള്ള ചടങ്ങുകൾക്ക് ആഗസ്റ്ര് ഒന്നു മുതൽ ജില്ലയിലെ കല്യാണമണ്ഡപങ്ങളിൽ നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും ഹാൾ ഉടമകൾ ചെയ്തിട്ടുമുണ്ട്.
ആഗസ്റ്ര് ഒന്നു മുതൽ കല്യാണമണ്ഡപങ്ങളിൽ വിവാഹം നടത്താൻ ബുക്ക് ചെയ്തിട്ടുള്ളവർ സാമൂഹിക അകലം പാലിച്ച് കൊണ്ട് അമ്പത് പേർക്ക് ഇരിക്കാനായി തയ്യാറാക്കിയ ഹാൾ ഉപയോഗപ്പെടുത്തിയാൽ ആശ്വാസമാകും. ഇതിനു വേണ്ടി കല്ല്യാണമണ്ഡപങ്ങളുടെ മുഴുവൻ സ്ഥലവും ആവശ്യമുണ്ടാവുകയില്ല എന്നതിനാൽ നിലവിലെ വാടകയുടെ 33% മാത്രം വാടക ഈടാക്കിയുളള ഓഫർ നൽകും. മറ്റ് കാരണങ്ങളാൽ വിവാഹച്ചടങ്ങുകൾ
നടത്താൻ കഴിയാത്തവർക്ക്, ബുക്ക് ചെയ്യുവാൻ നൽകിയ അഡ്വാൻസ് തുകയുടെ പകുതി സംഖ്യ റീഫണ്ട് ചെയ്യും
- സി. ജയചന്ദ്രൻ, പ്രസിഡന്റ്, കണ്ണൂർ ജില്ലാ ഹാൾ ഓണേഴ്‌സ് അസോസിയേഷൻ