കുഞ്ഞിമംഗലം: ഫോക് ലോർ അക്കാഡമി 2017 വർഷത്തെ കോൽക്കളി അവാർഡ് നേടിയ കെ.പി ചന്തുക്കുട്ടി നമ്പ്യാർക്കുള്ളത് വൻ ശിഷ്യസമ്പത്ത്. പന്ത്രണ്ടാം വയസിൽ തന്നെ കോൽക്കളി അഭ്യസിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് നിറസാന്നിദ്ധ്യമായി നിൽക്കുന്ന ഇദ്ദേഹം നിരവധി പേരെ കോൽക്കളി പരിശീലിപ്പിച്ചു. കോൽക്കളി ആചാര്യനായ പി. പത്മനാഭൻ നമ്പ്യാരുടെ ശിക്ഷണത്തിൽ ശ്രീമാന്യമംഗലം വേട്ടക്കൊരുമകൻ സോമേശ്വരി ക്ഷേത്ര കോൽക്കളി സംഘത്തിൽ കൂടിയായിരുന്നു ഇദ്ദേഹം കോൽക്കളി രംഗത്തേക്ക് കടന്നുവരുന്നത്.

തുടർന്ന് കോൽക്കളിയെ ജനകീയവത്കരിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി ജാതി-മത- വർഗ ഭേദമന്യേ കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കോൽക്കളി പരിശീലിപ്പിച്ചു. ഈ അടുത്തകാലത്ത് ഏഴിലോട്, പുളിയക്കോട് ഗ്രാമങ്ങളിലെ വനിതാവേദിയെ രാഷ്ട്രീയ കോൽക്കളിയും കുന്നരു മൂകാംബിക ക്ഷേത്രം, പൂമാലക്കാവ് എന്നീ ക്ഷേത്രങ്ങളിലെ വനിതാവേദിയെ ക്ഷേത്ര കോൽക്കളിയും പരിശീലിപ്പിച്ചു.

ഉത്തര മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും ഗുരുവായൂർ, തഞ്ചാവൂർ മുതലായ ക്ഷേത്രങ്ങളിലും കോൽക്കളി അവതരിപ്പിച്ചു. ഒട്ടനവധി അനുമോദനങ്ങളും പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ വി.പി രാധ. മക്കൾ ഷീന, ഷമിത്ത്, ഷനോജ്.