teacher

കണ്ണൂർ: കൊവി‌ഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ളാസുകളിലടക്കം സജീവമായിട്ടും ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർ. സംസ്ഥാനത്ത് 3000ലധികമാണ് ദിവസവേതനക്കാരുടെ എണ്ണം. എന്നാൽ മറ്റുള്ള അദ്ധ്യാപകർക്ക് ശമ്പളം ലഭിക്കുമ്പോൾ ഇവർക്ക് ശമ്പളം നിഷേധിക്കപ്പെടുകയാണ്.

സർക്കാർ കണക്കു പ്രകാരം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 60 കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ അവിടെ സ്ഥിര നിയമനം നടത്താൻ പാടുള്ളൂവെന്നാണ് നിയമം. 59 കുട്ടികളാണ് ഉള്ളതെങ്കിൽ സ്ഥിരനിയമനം നടത്താൻ പാടില്ല. ഇതേ നിയമം തന്നെയാണ് ഒന്നു മുതൽ അഞ്ചുവരെയുള്ള എൽ.പി സ്‌കൂളുകളിലും ഒന്നു മുതൽ ഏഴു വരെയുള്ള യു.പി സ്‌കൂളുകളിലുമുള്ളത്. ഇപ്രകാരം മിക്ക സ്‌കൂളുകളിലും താൽക്കാലിക അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസിൽ സംസ്ഥാനത്ത് ഒരു ക്ലാസ് ഒരു യൂണിറ്റായി കണക്കാക്കി ഒരു ക്ലാസിൽ ഒരദ്ധ്യാപകനാണ് നിലവിലുള്ളത്. ഈ ഓൺലൈൻ ക്ലാസുകൾ സജീവമാകുന്നത് ദിവസവേതന അദ്ധ്യാപകരുടെ കൂടി പ്രയത്നഫലമാണ്.

സാധാരണ അദ്ധ്യാപകർ ചെയ്യുന്ന എല്ലാ പ്രവർത്തനവും ദിവസവേതന അദ്ധ്യാപകർക്കും ഇപ്പോഴത്തെ സ്ഥിതിയിൽ ബാധകമാണ്. ഇവർ വാട്സ് ആപ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് പാഠ്യപ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. നിലവിൽ സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായി പ്രവർത്തിക്കുന്ന ഇത്തരം അദ്ധ്യാപകർക്ക് ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും മറ്റും ഇവർ നിവേദനം നൽകിയിട്ടുണ്ട്.

ബൈറ്റ്

സ്കൂളിലെ പാചക തൊഴിലാളികൾക്കും സ്‌കൂൾ ബസ്‌ ഡ്രൈവർക്കും സാമ്പത്തിക സഹായം ചെയ്യാൻ തയ്യാറായ സർക്കാർ ദിവസവേതന അദ്ധ്യാപകർക്കും ശമ്പളം നൽകാൻ വേണ്ട നടപടി സ്വീകരിക്കണം.

കെ.രമേശൻ, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി

ബൈറ്റ്

സാധാരണ താത്കാലിക അദ്ധ്യാപകരുടെ കാലാവധി ഫെബ്രുവരിയോടെ കഴിയും. പിന്നെ വീണ്ടും ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നതാണ് രീതി. എന്നാൽ ഇത്തവണ നിലവിലെ അദ്ധ്യാപകർ തുടരുകയാണ്. ഇവർക്ക് ശമ്പളം നൽകണമെങ്കിൽ ഡി.ജി.ഇയിൽ നിന്നുള്ള ഓർഡർ വരണം. സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കണക്കാക്കിയാണ് ഇവരെ നിയമിക്കുന്നത്. ഇത്തവണ കണക്കെടുപ്പ് നടക്കുന്നതേയുള്ളു. അതു കഴിഞ്ഞാലുടൻ ഓർഡർ വരും. അതിനു ശേഷമാണ് ഇവർക്ക് ശമ്പളം നൽകുക .

മനോജ് കുമാർ, ഡി.ഡി.ഇ, കണ്ണൂർ