ചെറുവത്തൂർ: നിർദ്ദിഷ്ട പാലായി ഷട്ടർ കം ബ്രിഡ്ജ് കുടിവെള്ള പദ്ധതിയിൽ നിന്നും നീലേശ്വരം ബ്ലോക്കിലെ ആറു പഞ്ചായത്തുകളെ ഉൾപ്പെടുത്തി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്ന നേരത്തെയുള്ള ഉറപ്പ് പൂർണ്ണമായും പാലിക്കണമെന്ന് ചെറുവത്തൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി. പദ്ധതിയുടെ നിർമ്മാണ തുടക്കത്തിൽ മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഈ ഉറപ്പ് നൽകിയിരുന്നുവെങ്കിലും നിലവിലെ എം.എൽ.എ എം. രാജഗോപാലൻ രണ്ടു ദിവസം മുമ്പ് ഇറക്കിയ പ്രസ്താവനയിൽ ചെറുവത്തൂർ, വലിയപറമ്പ് പഞ്ചായത്തുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.

കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഈ രണ്ടു പഞ്ചായത്തുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഉറപ്പ് പാലിച്ച് കൊണ്ട് ചെറുവത്തൂർ അടക്കമുള്ള തീരദേശ മേഖലയിലും കുടിവെള്ള വിതരണം നടത്തണം. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പൊറായിക്ക് മുഹമ്മദ് ഹാജി അദ്ധ്യക്ഷ വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി.സി.എ റഹ്മാൻ ഡോ. കെ.വി. ശശിധരൻ, കെ. ബാലകൃഷ്ണൻ, ടി.കെ.സി അബ്ദുൾ ഖാദർ , സി.കെ.പി. യൂസഫ് ഹാജി, ലത്തീഫ് നീലഗിരി, കെ.പി. കുമാരൻ , എ.വി.അശോകൻ , ഇ.പി.കുഞ്ഞബ്ദുള്ള, എ.വി.വിനോദ് കുമാർ, എം.പി.പത്മനാഭൻ ,പ്രദീപൻ തുരുത്തി, ഹംസൻ പയ്യങ്കി, സജീഷ് കൈതക്കാട്, എന്നിവർ പ്രസംഗിച്ചു. വി. നാരായണൻ സ്വാഗതം പറഞ്ഞു.