നടപ്പുവർഷം പദ്ധതിക്കായി നീക്കിവച്ചത് 70 ലക്ഷം രൂപ
പയ്യന്നൂർ: രോഗികൾക്ക് വൈദ്യ സഹായവും ജീവൻ രക്ഷാമരുന്നുകളും കൈയെത്തും ദൂരത്ത് ലഭ്യമാക്കി ആശുപത്രികളെ പൊതുജനാരോഗ്യ ശക്തിസ്രോതസ്സായി പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നു. കിടപ്പ് രോഗികൾ, ആലംബഹീനർ, ഹൃദ്രോഗം, വൃക്ക, കാൻസർ തുടങ്ങിയ രോഗങ്ങൾ, ഡയാലിസിസിന് വിധേയരാകുന്നവർ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപകരണങ്ങൾ തുടങ്ങിയ സാന്ത്വന പരിചരണങ്ങൾ എന്നിവ സൗജന്യമായി നൽകുന്നതാണ് സമഗ്ര ആരോഗ്യ പദ്ധതി.
'സ്നേഹ സ്പർശം' എന്ന പേരിൽ സാന്ത്വന പരിചരണത്തിനായി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്ക് വഴിയായി ബ്ലോക്ക് പരിധിയിൽ കിടപ്പിലായ രോഗികൾക്ക് ഡോക്ടറുടെയും നഴ്സിന്റെയും സേവനവും മരുന്നും വീടുകളിൽ എത്തിക്കും. കരിവെള്ളൂർ സാമൂഹിക ആരോഗ്യ കേന്ദ്രം മുഖേനയാണ് ഇത്തരത്തിൽ സെക്കൻഡറി ലെവൽ പാലിയേറ്റീവ് പരിചരണം നടപ്പാക്കുന്നത്.
ജീവിതശൈലി രോഗങ്ങൾ, കാൻസർ, ഹൃദ്രോഗം, വൃക്കരോഗം മൂലം ഡയാലിസിസ് ചെയ്യുന്നവർ, അവയവം മാറ്റി വെച്ചവർ, തുടങ്ങിയ രോഗങ്ങൾ കാരണം ചികിത്സക്കും മരുന്നിനും മറ്റും പ്രയാസം നേരിടുന്നവർക്കായി ആവശ്യമായ മരുന്നുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുഖേന നൽകും. അതത് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുക.
വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യുന്നവർക്ക് മരുന്നും തുടർചികിത്സയും പെരിങ്ങോം ഗവ: ആശുപത്രി വഴിയാണ് നടപ്പിലാക്കുന്നത്. ചലനശേഷി നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ള വിവിധ വൈകല്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ആവശ്യമായ ഉപകരണങ്ങളും പദ്ധതി പ്രകാരം ലഭിക്കും.
ആനുകൂല്യം ലഭിക്കേണ്ടവർ അതാത് ഗ്രാമപഞ്ചായത്തുകളുമായോ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരുമായോ ബന്ധപ്പെടണം. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളുമായി ബന്ധപ്പെടുത്തുകയാണെങ്കിൽ ആവശ്യമായ തുക ഈ ഇനത്തിലും വകയിരുത്തുമെന്ന് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. രാഗേഷ് തുടങ്ങിയവരും സംബന്ധിച്ചു.
രോഗ പ്രതിരോധത്തോടൊപ്പം മെച്ചപ്പെട്ട ചികിത്സയും മരുന്നും സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
എം.ടി.പി. നൂറുദ്ദീൻ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്