കൂത്തുപറമ്പ്: കുട്ടിക്കുന്നിൽ ട്രാൻസ്ഫോമറിലുണ്ടായ വൻ തീപിടുത്തം പ്രദേശത്ത് പരിഭ്രാന്തി പരത്തി. തലശ്ശേരി-വളവുപാറ റോഡിൽ കുട്ടിക്കുന്ന് ജംഗ്ഷന് സമീപത്തുള്ള ട്രാൻസ്ഫോമറിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ തീപിടുത്തമുണ്ടായത്. നിമിഷനേരം കൊണ്ട് തന്നെ തീ ആളിപ്പടരുകയായിരുന്നു. പ്രധാന ലൈനിൽ നിന്നുള്ള വൈദ്യുതി ഷോർട്ട് സെർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മട്ടന്നൂർ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ലീഡിംഗ് ഫയർമാൻ ടി.പി. രാജീവൻ, ഫയർമാൻമാരായ എം.കെ. സിജിൻ, റിനു കയ്യാലി, എം. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അഡീഷണൽ എസ്.ഐ ഇ. ബാബുവിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് പൊലീസും സ്ഥലത്തെത്തി. തീപിടുത്തത്തെ തുടർന്ന് കൂത്തുപറമ്പ്-മട്ടന്നൂർ റോഡിൽ ഏറേനേരം ഗതാഗതം തടസ്സപ്പെട്ടു. ട്രാൻസ്ഫോമർ പൂരണ്ണമായും കത്തിനശിച്ച നിലയിലാണുള്ളത്. പ്രദേശത്ത് വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കാൻ കെ.എസ്.ഇ.ബി ബദൽ സംവിധാനം ഒരുക്കി.