കാഞ്ഞങ്ങാട്: മൂന്ന് ഓട്ടോ ഡ്രൈവർമാർക്കും വ്യാപാരിക്കും രോഗം സ്ഥിരീകരിച്ചതോടെ മലയോര മേഖലയിൽ കൊവിഡ് ജാഗ്രത വർദ്ധിപ്പിച്ചു. ഓട്ടോ ഡ്രൈവർമാർ പൂടങ്കല്ലിലുള്ളവരാണ്. ഇവർ തൊട്ടടുത്ത പ്രദേശമായ ചുള്ളിക്കരയിലും ഓട്ടോ ഓടിക്കാറുണ്ട്. നിരവധി പേർ ഇവരുടെ ഓട്ടോയിൽ യാത്ര ചെയ്തിട്ടുമുണ്ടെന്നാണ് പറയുന്നത്. പനത്തടി പഞ്ചായത്തിലെ കോളിച്ചാലിൽ ഒരു വ്യാപരിക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പഞ്ചായത്തുകളിലും ഇതുമൂലം ഹർത്താലിന്റെ പ്രതീതിയിലായി.

പൂടങ്കല്ല്, ചുള്ളിക്കര ടൗണുകളിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പൊലീസ് അടപ്പിച്ചു. കോളിച്ചാലിലും സ്ഥിതി ഭിന്നമല്ല. പൂടങ്കല്ല് ആശുപത്രി കേന്ദ്രീകരിച്ച് ജാഗ്രത നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

അതിനിടെ പൂടങ്കല്ല് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊവിഡ് സെൻറർ മാറ്റണമെന്ന് ബളാൽ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ക്രിമിനൽ കേസിൽ പ്രതികളാകുന്നവരെ പൂടങ്കല്ലിലാണ് പാർപ്പിക്കുന്നത്. ഇതുജനങ്ങളിൽ ആശങ്ക ഉളവാക്കുന്നതാണെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബു കദളിമറ്റം അദ്ധ്യക്ഷത വഹിച്ചു.