പഴയങ്ങാടി: അനധികൃത മണൽക്കടത്ത് മാഫിയ സംഘം പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പിരിധിയായ മാട്ടൂൽ, പുതിയങ്ങാടി, മുട്ടം, ഏഴോം പ്രദേശങ്ങളിൽ വിലസുന്നത് നാടിന് ഭീഷണിയായി. പൊലീസിന്റെ ആസാന്നിദ്ധ്യമാണ് മണൽ കടത്ത് വർദ്ധിക്കാനുളള പ്രധാന കാരണമായി പറയുന്നത്. മുൻകാലങ്ങളിൽ അനധികൃത മണൽക്കടത്ത് തടയുന്നതിന് ശക്തമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ ജോലി ഭാരം കൂടിയത് കാരണം മണൽ കടത്ത് ശ്രദ്ധിക്കുന്നതിൽ കുറവുണ്ടായിട്ടുണ്ട്.
ഇതാണ് മണൽക്കടത്തുകാർ മുതലെടുക്കുന്നത്. പൊലീസിൽ നിന്ന് രക്ഷനേടാൻ ഏത് മാർഗ്ഗവും സ്വീകരിക്കും എന്നതിനാൽ മുൻകരുതലുകൾ ഇല്ലാതെ ഇവരെ പിടികൂടുന്നതിന് പൊലീസും ഭയപ്പെടുന്നു. മാരകായുധങ്ങളുമായി ആക്രമിക്കുക, മണൽ റോഡിൽ തട്ടി പിന്നാലെ വരുന്ന പൊലീസ് വാഹനത്തെ അപായപെടുത്തുക തുടങ്ങിയ രീതിയിൽ ആണ് ഇവരുടെ പ്രതിരോധം. രാത്രി പത്ത് മണി മുതൽ പുലരും വരെ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ നിരവധി ടിപ്പർ ലോറികളിലാണ് മണൽ കടത്ത് നടത്തുന്നത്.
മണൽ കടത്തുകാരെ പിന്തുടർന്നാൽ പലപ്പോഴും വാഹനം ഉപേക്ഷിച്ച് കടത്തുകാർ രക്ഷപ്പെടാറാണ് പതിവ്. പിടിക്കപ്പെട്ട വാഹനത്തിന് യഥാർത്ഥ രേഖകളും കാണില്ല. രാത്രികാല പെട്രോളിംഗിന് ഇടയിൽ കണ്ടുകിട്ടുന്ന മണൽ കടത്ത് മാത്രമാണ് ഇപ്പോൾ പൊലീസ് പിടികൂടുന്നത്.
പരാക്രമം നാട്ടുകാരോടും
പൊലീസിന്റെ സാന്നിദ്ധ്യം കുറവായതിനാൽ നാട്ടുകാർ തന്നെ മണൽകടത്ത് തടയുന്നതിന് രംഗത്ത് എത്തിയെങ്കിലും മണൽ മാഫിയ സംഘങ്ങൾ സംഘടിച്ച് എത്തി നാട്ടുകാരെ ആക്രമിക്കുന്ന അവസ്ഥയുമുണ്ടായി. കഴിഞ്ഞദിവസം മാട്ടൂൽ സൗത്തിൽ മണൽ മാഫിയയുടെ അക്രമത്തിൽ നാട്ടുകാരായ അഞ്ചു യുവാക്കൾക്കാണ് പരിക്കേറ്റത്.