കണ്ണൂർ: കൊവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാ കേന്ദ്രത്തിനായി സെഡ് പ്ലസ് അപ്പാർട്ട്‌മെന്റ് ഏറ്റെടുത്തതിനെതിരായി രണ്ട് ഫ്ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹരജി ഹൈക്കോടതി തള്ളി. കൊവിഡ് ചികിത്സക്കായി വളരെ അടിയന്തര സാഹചര്യത്തിലാണ് ഫ്ളാറ്റ് ഏറ്റെടുത്തതെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം അംഗീകരിച്ചാണ് ജസ്റ്റിസ് എൻ. നാഗരേഷിന്റെ ഉത്തരവ്. സ്വകാര്യ വ്യക്തിയുടെ താൽപ്പര്യത്തേക്കാൾ പ്രധാനം പൊതുതാൽപ്പര്യമാണെന്നും രണ്ട് വ്യക്തികൾക്ക് മാത്രമാണ് നടപടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്നുമുള്ള സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നും 50 മീറ്റർ മാത്രം ദൂരെയാണ് ഏറ്റെടുത്ത ഫ്ളാറ്റ് എന്നതും കോടതി പരിഗണിച്ചു.