പയ്യന്നൂർ: റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്ത് റോഡരികിൽ മലിനജലം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി ഭീഷണിയായി. സ്റ്റേഷന് കിഴക്ക് ഭാഗത്തേക്ക് പുതുതായി നീളം കൂട്ടിയ നടപ്പാലത്തിന് സമീപത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്.
മേൽ നടപ്പാലത്തിനോടനുബന്ധിച്ച് കിഴക്ക് ഭാഗത്തേക്കുള്ള മമ്പലം റോഡിലേക്ക് നിർമ്മിച്ച കോൺക്രീറ്റ് നടപ്പാതയുടെ ഒരു ഭാഗത്ത് വെള്ളം ഒഴുകി പോകാനുള്ള വഴിവെക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. മാലിന്യം നിറഞ്ഞ വെള്ളം റെയിലിന്റെ അരികിൽ നിന്ന് ഇപ്പോൾ നിർമ്മിച്ച കോൺക്രീറ്റ് നടപ്പാത വരെ കെട്ടി നിൽക്കുകയാണ്. ഇതോടെ
പ്രദേശം കൊതുക് വളർത്തു കേന്ദ്രമായതായും മഴക്കാല രോഗങ്ങളും മറ്റും വേഗത്തിൽ പടർന്ന് പിടിക്കുന്നതിന് കാരണമാകുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നിന്ന് ഓവർ ബ്രിഡ്ജ് കയറിവരുന്ന ജനങ്ങൾക്ക് ഇറങ്ങുവാൻ ഒന്നും രണ്ടും പ്ലാറ്റ് ഫോമിലേക്ക് മാത്രമാണ് വഴിയുള്ളത്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് നേരെ കിഴക്ക് മെയിൻ റോഡിലേക്ക് വഴി ഒരുക്കാത്തത് മറ്റൊരു ദുരിതമാണ്. ഇത് ടിക്കറ്റ് എടുക്കാൻ വരുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടാവുകയാണെന്ന പരാതിയുണ്ട്.
യാത്ര ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ പ്ലാറ്റ്ഫോമിൽ പ്രവേശിക്കരുത് എന്നാണ് റെയിൽവേയുടെ നിയമം. ഇതുകൊണ്ട് തന്നെ മേൽ നടപ്പാലമുണ്ടായിട്ടും പഴയതുപോലെ ഏറേദൂരം നടന്ന് ചുറ്റി വളഞ്ഞുമെയിൻ റോഡ് വഴി സ്റ്റേഷനിലെത്തേണ്ട ഗതികേടിലാണ് നാട്ടുകാർ. പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.