മടിക്കൈ: കാസർകോടിന്റെ സാംസ്കാരിക രംഗത്തിന് നവചൈതന്യം പകരുവാൻ പര്യാപ്തമായ സുബ്രഹ്മണ്യൻ തിരുമുമ്പ് നവോത്ഥാന സാംസ്കാരിക സമുച്ചയം മടിക്കൈയിൽ നിർമ്മിക്കും. കേരള വാസ്തുശില്പ ശൈലിയിൽ ആകെ 69000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന സമുച്ചയത്തിൽ നൃത്ത സംഗീത നാടക ശാലകൾ, ബ്ലാക്ക് ബോക്സ് തീയേറ്റർ, സെമിനാർ ഹാളുകൾ, പ്രദർശന ഹാളുകൾ, ശില്പികൾക്കും കലാകാരന്മാർക്കുമുള്ള പണി ശാലകൾ, ഗ്രന്ഥശാല, സ്മാരക ഹാളുകൾ, സുവനീർ വില്പനശാലകൾ, ഗോത്രകലാ മ്യൂസിയം, ഫോക് ലോർ സെൻറർ, കപാറ്റേറിയ, കൂടാതെ 650 ലധികം പേർക്ക് സുഗമമായി പരിപാടികൾ വീക്ഷിക്കാൻ കഴിയുന്ന ഒരു ഓപ്പൺ എയർ തീയേറ്ററും സമുച്ചയത്തിന്റെ ഭാഗമായിരിക്കും.
3.77 ഏക്കർ ഭൂമിയിൽ ആകെ 41.95 കോടി രൂപ ചെലവ് ചെയ്താണ് കേരള സർക്കാർ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്നത്. സാംസ്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം 23 ന് രാവിലെ 11 മണിക്ക് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ കേരള പട്ടികജാതി പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ, നിയമ, സാംസ്കാരിക, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കും.