കാഞ്ഞങ്ങാട്: സ്വകാര്യ സ്ഥലത്തു നിന്ന് സ്ഥിരമായി കാട്ടുപന്നിയെ പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചി വിൽക്കുന്ന സംഘത്തെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എരിക്കുളം ഭാഗത്ത് കോഴിയുടെ കുടലിൽ പടക്കം അടക്കം ചെയ്ത് കാട്ടുപന്നിയെ പിടികൂടുന്ന വിവരം ലഭിച്ചാണ് വനപാലകർ ഇവിടെ എത്തിയത്. സ്ഥലവാസിയായ ടി കെ കേളുവിന്റെ വീട്ടിൽ നിന്ന് അഞ്ചു കിലോ പന്നിയിറച്ചി പിടികൂടി.
എളേരിത്തട്ടിലെ ഫിലിപ്പോസ്, ബിരിക്കുളത്തെ ജോയ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഒരു കിലോ ഇറച്ചി 250 രൂപ പ്രകാരമാണ് വിൽപന നടത്തിയിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫ്, മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.എസ് വിനോദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിതിൻ, ശാന്തികൃഷ്ണ, അനശ്വര, ശിഹാബുദ്ദീൻ, ഗിരീഷ് കുമാർ തുടങ്ങിയവരാണ് വനപാലക സംഘത്തിലുണ്ടായത്.