കണ്ണൂർ: ചക്കയിൽ വിപ്ളവം തീർത്ത തളിപ്പറമ്പ് ചുഴലിയിലെ സുഭാഷ് കോറോത്തിന് കൊവിഡ് നഷ്ടത്തിന്റെ കാലം. പറമ്പിൽ ആർക്കും വേണ്ടാതെ നശിക്കുന്ന ചക്ക കൂട്ടങ്ങൾ ശേഖരിച്ച് നാടുകാണിയിലെ വ്യവസായ പാർക്കിൽ സുഭാഷ് തുടങ്ങിയ ആർട്ടോ കാപ്സ് എന്ന കമ്പനി ഇന്ത്യയിലെ തന്നെ പ്രധാന ചക്ക വിഭവങ്ങളുടെ ഫാക്ടറിയാണ്. കഴിഞ്ഞ നാല് വർഷമായി നാല് കോടിയുടെ വിറ്റുവരവുള്ള സ്ഥാപനത്തിന് കൊവിഡ് കാലത്ത് ചക്ക ചതിച്ച കഥയാണ് പറയാനുള്ളത്.ചക്ക ഉൽപ്പന്നങ്ങളുടെ വിൽപ്പന നാലിലൊന്നായി കുറഞ്ഞിരിക്കുകയാണിപ്പോൾ.
കൊവിഡിൽ ചക്ക കയറ്റുമതി പൂർണമായും നിലച്ചപ്പോൾ സുഭാഷിന്റെ പ്രതീക്ഷ ഇക്കുറി തെറ്റി. ഒരു വർഷം 5000 ടൺ ചക്കയാണ് ഇപ്പോൾ കർഷകരിൽ നിന്നും ശേഖരിച്ചിരുന്നത്. കിലോയ്ക്ക് 10 രൂപ മുതൽ 30 രൂപ വരെ നൽകിയാണ് കർഷകരിൽ നിന്നും ചക്ക ശേഖരിക്കുന്നത്. ശേഖരിച്ച ചക്ക ഇപ്പോൾ കുന്നുകൂടി കിടക്കുകയാണ്. ജാക്ക് ഫ്രൂട്ട് പൾപ്പ്, നൈസ്, ക്രഷ് , ഐസ്ക്രീം തുടങ്ങി 12 ഇനങ്ങളിലുള്ള ചക്ക ഉത്പ്പന്നങ്ങളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. കൊവിഡ് ഭീതിയിൽ എല്ലാവരും ഐസ് ക്രീം ഉപേക്ഷിച്ചതോടെ സുഭാഷ് കയ്പനീർ കുടിപ്പിച്ചു.
ചക്ക മാറ്റിയെടുത്ത ജീവിതം
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിതരണം നടത്തിയിരുന്ന സുഭാഷിന്റെ ജീവിതം മാറ്റിയെടുത്തത് ചക്കയും ചക്ക വിഭവങ്ങളുമാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച കയറ്റുമതി കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സുഭാഷിന് നേടിക്കൊടുത്തത് ഈ ചക്ക പ്രേമം തന്നെയാണ്. ഒന്നരക്കോടി മുടക്കി 2015 ൽ തളിപ്പറമ്പ് നാടുകാണി കിൻഫ്ര പാർക്കിൽ ചക്കയുടെ ശാസ്ത്രനാമമായ ആർട്ടോ കാർപ്സിനെ സുഭാഷ് ജീവിതത്തോടൊപ്പം ചേർത്തുവയ്കുകയായിരുന്നു.മഹാരാഷ്ട്രയിലെ ഡാപാളി കാർഷിക സർവ്വകലാശാലയിൽ നിന്നും ബംഗ്ളൂരു കാർഷിക സർവ്വകലാശാലയിൽ നിന്നുമാണ് ചക്ക സംസ്കരണത്തിന്റെ ബാലപാഠങ്ങൾ സുഭാഷ് വശത്താക്കിയത്.ചുഴലിയിലെ പി. ഒ നാരായണൻ- സുമതി ദമ്പതികളുടെ മകനാണ്. ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ അദ്ധ്യാപിക രമ്യയാണ് ഭാര്യ. രണ്ട് മക്കളുമുണ്ട്.
ഒരു വർഷം ശേഖരിക്കുന്നത് 5000 ടൺ ചക്ക
കയറ്റുമതി -അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ, വെസ്റ്റിൻഡീസ് ,ദുബായ്, അബുദാബി
.
കൊവിഡ് ഒരു താത്കാലിക പ്രതിഭാസം മാത്രമാണ്. പഴയ തോതിലെത്താൻ കുറച്ച് സമയമെടുക്കും. ഇപ്പോഴത്തെ പ്രശ്നങ്ങളൊക്കെ അവസാനിക്കും. ഞാൻ പൂർണമായും ശുഭാപ്തി വിശ്വാസക്കാരനാണ്- സുഭാഷ് കോറോത്ത്