ആറളം: ജീവിതത്തിനും മരണത്തിനുമിടയിലെ പേടിപ്പിക്കുന്ന യാത്രയുടെ ഓർമ്മയാണ് ആറളം നിവാസികൾക്ക് വളയംചാൽ പാലത്തിനെ കുറിച്ച് പറയാനുള്ളത്. മഴയൊന്നു പെയ്ത് പുഴയിൽ വെള്ളം കയറിയാൽ പിന്നെ യാത്ര കൂടുതൽ ദുരിതമാകും. വർഷങ്ങളായി തുടരുന്ന പരീക്ഷണത്തിന് എന്നാണ് അവസാനമെന്ന് നാട്ടുകാർ ചോദിക്കുന്നു. തൂക്കുപാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമ്മിക്കാൻ അനുമതിയായെങ്കിലും പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു.
പാലം പണിയുടെ പ്രതിസന്ധി പരിഹരിച്ച് ദുരിതത്തിൽ നിന്നും രക്ഷപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ പ്രാർത്ഥന. പാലത്തിന്റെ തൂണുകളുടെ നിർമ്മാണത്തിന് സ്വകാര്യ വ്യക്തിയിൽ നിന്ന് ഭൂമി ഏറ്റെടുത്ത് നൽകാത്തതാണ് പാലം പണിക്ക് കുരുക്കായത്.
ആറളം ഫാമിലെയും കണിച്ചാറിലെയും ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു വളയംചാൽ പുഴയ്ക്ക് കുറുകെ കോൺക്രീറ്റ് പാലം. നിലവിൽ തൂക്കുപാലമാണ് ഉപയോഗിക്കുന്നത്. ഓരോ മഴക്കാലത്തും നിരവധി തവണയാണ് ഈ തൂക്കുപാലം തകർന്നത്. പാലം തകർന്ന് ജീവഹാനി വരെ ഉണ്ടായിട്ടുമുണ്ട്.
ടൂറിസം വികസനത്തിനും തടസ്സം
പരിസ്ഥിതി വിനോദ സഞ്ചാര മേഖലയായ ആറളം വന്യജീവി സങ്കേതം, ആറളം പുനരധിവാസ മേഖല എന്നിവയെ ബന്ധിപ്പിക്കുന്നതാണ് വളയംചാൽ പാലം. സീസണിൽ നിരവധി സഞ്ചാരികൾ ആറളത്ത് എത്തുന്നതും പേരാവൂർ റോഡിലെ ഈ പാലം വഴിയാണ്. അനുബന്ധ റോഡിന് ഭൂമി ഏറ്റെടുത്ത് നൽകാത്തതിനെ തുടർന്ന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്.
പാലത്തിന്റെ തൂണുകളുടെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി സ്വകാര്യ വ്യക്തിയിൽ നിന്നു വിട്ടുകിട്ടാൻ നിരവധി തവണ സമ്മർദ്ദം ചെലുത്തിയെങ്കിലും നടപടിയായില്ല. സ്ഥലം ഉടമയുമായി ധാരണയുണ്ടാക്കി കരാർ കമ്പനിക്ക് ഏറ്റെടുത്ത ഭൂമി കൈമാറിയാൽ മാത്രമെ പുനരാരംഭിക്കാൻ കഴിയുള്ളൂ.
ചെലവ്
29 കോടി
ഫാമിൽ നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 29 കോടിയുടെ പദ്ധതിയിൽ നിന്നാണ് വളയംചാൽ, ഓടൻതോട് പാലങ്ങൾ നിർമ്മിക്കുന്നത്. അതേസമയം, ഓടൻതോട് പാലത്തിന്റെ നിർമ്മാണം പകുതിയിലധികം പിന്നിട്ടു കഴിഞ്ഞു. ഇതോടൊപ്പം തുടങ്ങിയതാണ് വളയംചാൽ പാലവും. മഴ കനക്കും മുമ്പ് തൂണുകളുടെ നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ ജനങ്ങളുടെ യാത്ര ദുരിതത്തിലാകും.