പഴയങ്ങാടി: കൊവിഡ് ജാഗ്രത പലരും കൈവിട്ട് ടൗണിൽ ജനങ്ങളുടെ കൂട്ടം കൂടൽ ആശങ്ക പരത്തുന്നു. മാടായി, മാട്ടൂൽ, ഏഴോം പഞ്ചായത്തിലെ ജനങ്ങൾ എത്തി ചേരുന്ന പട്ടണമാണ് പഴയങ്ങാടി. കച്ചവട സ്ഥാപനങ്ങളിലും റോഡുകളിലുമാണ് ജനങ്ങൾ കൂട്ടം കൂടുന്നത്. 60-65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ഇതിൽ അധികവുമെന്നും പറയുന്നു.
പഴയങ്ങാടി പ്രദേശത്ത് മത്സ്യ വില്പന നിരോധിച്ചിട്ടുണ്ടെങ്കിലും ഏഴോം പഞ്ചായത്തിലെ പഴയങ്ങാടി മത്സ്യ മാർക്കറ്റിൽ കച്ചവടം നടക്കുന്നുണ്ട്. ഏഴോം പഞ്ചായത്തിൽ മൂന്ന് കൊവിഡ് പോസറ്റീവ് കേസാണ് ഉള്ളത് 47 പേർ നിരീക്ഷണത്തിലുമാണ്. രണ്ട് പോസറ്റീവ് കേസും 92 പേർ നിരീക്ഷണത്തിലുള്ള മാട്ടൂൽ പഞ്ചായത്തിലും 146പേർ നിരീക്ഷണത്തിലുള്ള മാടായി പഞ്ചായത്തിലും 43പേർ നിരീക്ഷണത്തിലുള്ള ചെറുകുന്ന് പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആരോഗ്യ വകുപ്പും പൊലീസും പഞ്ചായത്ത് അധികൃതരും വേണ്ട രീതിയിൽ ഇടപെടുന്നില്ല എന്ന ആക്ഷേപമുണ്ട് .
പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് എന്നീ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തിയ സ്വകാര്യ ബസുകൾ പലതും ഇപ്പോൾ ഓടുന്നില്ല.