കണ്ണൂർ: കണ്ണൂരിന്റെ നെല്ലറയാണ് ഏഴോം ഗ്രാമം. ജൈവനെൽകൃഷിക്കും കാർഷിക സമൃദ്ധിക്കും പേരുകേട്ട നാട്. എന്നാൽ പത്തായം നിറയുന്ന നെല്ല് മാത്രമല്ല, കുട്ട നിറയെ മീനുമുണ്ട് ഇവിടെ. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയുള്ള ഓരുജല മത്സ്യകൃഷിയിലൂടെയാണ് ഏഴോം ഈ നേട്ടത്തിലെത്തിയത്.
ഒന്നാംവിള നെൽക്കൃഷിയും രണ്ടാംവിളയായി ചെമ്മീൻ അല്ലെങ്കിൽ മത്സ്യകൃഷിയും ചെയ്യുന്ന കൈപ്പാട് പ്രദേശമാണ് ഏഴോം. മത്സ്യ ക്ലബ്ബുകൾ രൂപീകരിച്ച് കർഷകർക്ക് കൃഷിക്കും വിപണനത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് നൽകുന്നുണ്ട്. വാർഷിക പദ്ധതിയിൽ മൂന്ന് വർഷമായി കരിമീൻ കൃഷിയും നടത്തിവരുന്നു. ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന കരിമീനിന് വിപണിയിലും ആവശ്യക്കാരേറെയാണ്. ഏഴോം കോട്ടക്കീൽ പട്ടുവം പുഴയിലാണ് പ്രധാനമായും കൃഷി. കൂടാതെ പഞ്ചായത്തിലെ പെരുങ്ങിയിൽ എന്ന പ്രദേശത്ത് നാലരയേക്കറിലും നങ്കലത്ത് 13 ഏക്കറിലും മേയിൽ കാര ചെമ്മീൻ കൃഷി വിളവെടുത്തു. സ്വകാര്യ വ്യക്തികളും ചെമ്മീൻ കൃഷി ചെയ്യുന്നുണ്ട്.
കൂട് കൃഷിയിലും നൂറുമേനി
പുഴയിൽ നടത്തുന്ന കൂട് കൃഷിയിലും (മീൻ) വിജയം കൊയ്യാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. കാളാഞ്ചി, പൊമ്പാനോ, കരിമീൻ എന്നിവയാണ് ഈ രീതിയിൽ കൃഷി ചെയ്യുന്നത്. പി.വി.സി പൈപ്പും നൈലോൺ വലകളും ഉപയോഗിച്ച് കൂടൊരുക്കിയാണ് കൃഷി. ചെറുമത്സ്യങ്ങളെയാണ് തീറ്റയായി നൽകുന്നത്. നല്ല വളർച്ചയെത്തിയ മത്സ്യത്തിന് ഒരു കിലോവരെ തൂക്കമുണ്ടാകും. വിളവെടുപ്പ് സമയത്ത് ഉപഭോക്താക്കൾ നേരിട്ടെത്തി മത്സ്യം വാങ്ങിക്കുന്നതുകൊണ്ടു തന്നെ വിപണി കണ്ടെത്തേണ്ട ബുദ്ധിമുട്ടും കർഷകർക്കില്ല. കിലോയ്ക്ക് അറുന്നൂറ് രൂപയ്ക്കാണ് കാളാഞ്ചി വിൽപന നടത്തുന്നത്. പൂർണ വളർച്ചയെത്തിയാൽ ഒരു കൂട്ടിൽനിന്ന് അൻപത് കിലോ മത്സ്യം വരെ ലഭിക്കും. വരാൽ, ആസാം വാള തുടങ്ങിയ മീനുകളാണ് ഈ രീതിയിൽ കൃഷി ചെയ്യുന്നത്
ബൈറ്റ്
മത്സ്യകൃഷിയിലെ നൂതന സാദ്ധ്യതകൾ കർഷകരിലേക്കെത്തിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ മികച്ച രീതിയിലാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത് - ഡി.വിമല, പഞ്ചായത്ത് പ്രസിഡന്റ് , ഏഴോം.