കാസർകോട്: സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൊസ്ദുർഗ് എക്‌സൈസ് സർക്കിൾ ഓഫീസ് അടച്ചു. സർക്കിൾ ഇൻസ്‌പെക്ടർ അടക്കം അഞ്ചു ഉദ്യോഗസ്ഥന്മാർ ക്വാറന്റൈനിൽ പോയി. സിവിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കുമ്പള പൊലീസ് സ്റ്റേഷന്റെയും പ്രവർത്തനം ഭാഗികമായിരിക്കും.
കുമ്പളയിലെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയിട്ടുണ്ട്. ഇരുവർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. കാറഡുക്ക സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥൻ ചെമ്മട്ടംവയലിലെ സർക്കിൾ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. ഇത് മുകളിലത്തെ നിലയിലാണ്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന റെയ്ഞ്ച് ഓഫീസിലെ ചിലരും ക്വാറന്റൈനിൽ പോകേണ്ട സാഹചര്യമാണുള്ളത്. കാസർകോട് പോയപ്പോഴാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചതെന്ന് പറയുന്നു.
പെരിങ്ങോം പാടിച്ചാൽ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ 21 ന് നൈറ്റ് ഡ്യുട്ടി എടുത്താണ് വീട്ടിലേക്ക് പോയത്. 21ന് സ്രവം പരിശോധിക്കാൻ നൽകിയതിന്റെ ഫലമാണ് ഇന്നലെ വന്നത്. അതിന് മുമ്പ് കുറച്ചു ദിവസം ലീവിലായിരുന്നു. കുമ്പളയിൽ കൊവിഡ് വ്യാപകമായതിനാൽ അവിടെ നിന്നായിരിക്കും ഇദ്ദേഹത്തിന് രോഗമ ബാധിച്ചതെന്ന് കരുതുന്നു.
തലശേരിയിൽ അഗ്നിശമന സേനാംഗങ്ങളും
പൊലീസുകാരും നിരീക്ഷണത്തിൽ
തലശ്ശേരി: ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ രക്ഷാപ്രവർത്തനം നടത്തിയ തലശ്ശേരി യൂനിറ്റിലെ 19 അഗ്നിശമന സേനാംഗങ്ങളും നാലു പൊലീസുകാരും നിരീക്ഷണത്തിലായി. അപകടത്തിൽ പരുക്കേറ്റ മഹാരാഷ്ട്രക്കാരനായ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായത്.
10 അഗ്നിശമന സേനാംഗങ്ങളായിരുന്നു അപകടം നടന്ന തലായി ചക്യത്ത്മുക്കെത്തി ഉടൻ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട നാല് പൊലിസുകാരും ഫയർ സ്റ്റേഷനിലെ മറ്റ് സഹപ്രവർത്തകരും പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. കഴിഞ്ഞ 20 നാണ് അപകടം നടന്നത്.