പിലിക്കോട്: പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ പുതുതായി വികസിപ്പിച്ചെടുത്ത 'കെ.എ.യു. നിഹാര" കശുമാവിൻതൈ പുറത്തിറക്കി. നഗര, നഗരപ്രാന്ത പ്രദേശങ്ങളിലെ പുരയിട കൃഷിക്ക് അനുയോജ്യമായ തരത്തിലുള്ള ഈ കുറിയ ഇനത്തിന്റെ പ്രകാശനം എം.രാജഗോപാലൻ എം.എൽ.എ.നിർവ്വഹിച്ചു. ചെടിക്ക് രണ്ടര മുതൽ മൂന്നര മീറ്റർ മാത്രമെ ഉയരമുണ്ടാവുകയുള്ളൂവെന്നതാണ് പ്രത്യേകത.
കണ്ണൂർ ജില്ലയിലെ കുറുമാത്തൂരിലെ ഒരു ചെടിയിൽ നിന്ന് രൂപപ്പെടുത്തിയ ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന കശുഅണ്ടിക്ക് അഞ്ചു മുതൽ ഏഴു ഗ്രാം വരെ തൂക്കമുണ്ടാകും. ഒരു ചെടിയിൽ നിന്ന് രണ്ടു കിലോഗ്രാം വരെ ഉൽപ്പാദിപ്പിക്കാൻ കഴിയും. ചെടി ഒന്നിന് 50 രൂപ വെച്ച് ആഗസ്റ്റ് അവസാനം മുതൽ നിഹാര വിൽപ്പനക്ക് ഒരുക്കും. അഖിലേന്ത്യാ ഏകോപിത കശുമാവ് ഗവേഷണപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.
പുതിയ ഇനത്തിന്റെ തൈകൾ നടലും കർഷകർക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും എം.എൽ.എ. നിർവ്വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശൈലജ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ ഗവേഷക ഡോ. മീര മഞ്ജുഷ പദ്ധതി വിശദീകരണം നടത്തി. കർഷകരെ പ്രതിനിധീകരിച്ച് ഡോ. പി. ഇട്ടി രവി പുതിയ ഇനം ഏറ്റുവാങ്ങി. അസോസിയേറ്റഡ് ഡയറക്ടർ ഡോ. ടി.വനജ സ്വാഗതവും ഫാം സൂപ്രണ്ട് പി.പി മുരളീധരൻ നന്ദിയും പറഞ്ഞു.