നീലേശ്വരം: തറക്കല്ലിടലിൽ ഒതുങ്ങിപ്പോയ യോഗ ആൻഡ് നാച്ചുറോപ്പതി ആശുപത്രിയുടെ വഴിയെ കിനാനൂർ -കരിന്തളത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളും മാറിപ്പോകുമെന്ന ആശങ്കയ്ക്ക് വിരാമം. പട്ടികവർഗ്ഗ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് അനുവദിച്ച ഏക മോഡൽ റസിഡൻഷ്യൽ സ്കൂൾ കിനാനൂർ -കരിന്തളത്ത് തന്നെ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
മോഡൽ റസിഡൻഷ്യൽ സ്കൂൾ കരിന്തളത്തിന് നഷ്ടമാകുന്നത് 'കേരളകൗമുദി" ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാർ സ്കൂളിന് അംഗീകാരം നൽകാത്തതാണ് തടസമായത്. കഴിഞ്ഞ ഒരു വർഷമായി സ്കൂളിന്റെ ഫയൽ സർക്കാർ അനുവാദവും കാത്ത് കിടക്കുകയായിരുന്നു.
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് കരിന്തളത്തെ കൊണ്ടോട്ടിയിൽ 15 ഏക്കർ സ്ഥലത്ത് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. 2018-19 വർഷത്തിൽ വയനാട് ജില്ലയിൽ സ്കൂളിനായി ഫണ്ട് അനുവദിച്ചിരുന്നു. പരിസ്ഥിതി ദുർബ്ബല പ്രദേശമായതിനാൽ സ്ഥലം കിട്ടാൻ പ്രയാസമായതിനാലാണ് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിൽ അനുവദിച്ചത്. പട്ടികവർഗ്ഗ വകുപ്പിന് സ്ഥലം കൈമാറിയാൽ ഉടനെ തന്നെ സ്കൂളിന്റെ പ്രവൃത്തി തുടങ്ങും. 12 കോടി രൂപയുടെ പദ്ധതിയിൽ ഒരു കോടി രൂപ കേന്ദ്ര സഹായം കിട്ടിയിട്ടുണ്ട്. പട്ടികവർഗ്ഗ വകുപ്പിന്റെ കീഴിൽ ആദ്യത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് കരിന്തളത്ത് തുടങ്ങുന്നത്.
മറ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് സമാനമായി പ്രവേശനവും അക്കാഡമിക്ക് കാര്യങ്ങളും ഇവിടെയും നടക്കും. സ്പോർട്സിൽ മികവ് പുലർത്തുന്നവർക്കാണ് പ്രവേശനം നൽകുക.