മാഹി: പുതുച്ചേരി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ പ്രഖ്യാപനത്തെ ജനശബ്ദം മാഹി പ്രവർത്തക സമിതി സ്വാഗതം ചെയ്തു. ആദ്യത്തെ മരണം സംഭവിച്ച മയ്യഴിക്കാരൻ ചെറുകല്ലായിലെ മഹറൂഫിന്റെ കുടുംബത്തിന് ഈ ധനസഹായം ഉറപ്പാക്കണമെന്ന് ജനശബ്ദം ആവശ്യപ്പെട്ടു.

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയുള്ള മഹറൂഫിന്റെ മരണം, മയ്യഴിക്കാരനായതിനാൽ കേരളത്തിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേരള മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. മരണം മാഹിയിലല്ല നടന്നതെന്ന കാരണത്താൽ പുതുച്ചേരിയുടെ കണക്കിലും ഉൾപ്പെടുത്തിയിട്ടില്ല. മയ്യഴിയിൽ ആധാർ, റേഷൻകാർഡ്, വോട്ടവകാശം, സ്വന്തം വീട് എന്നിവയെല്ലാമുണ്ടായിട്ടും ഇദ്ദേഹത്തെ മയ്യഴിയിൽ കൊവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് മൂലം സർക്കാരിന്റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതിന് ഇടയാവരുതെന്ന് യോഗം ചൂണ്ടിക്കാട്ടി.
ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ടി.എം. സുധാകാൻ, ദാസൻ കാണി, ഇ.കെ. റഫീഖ്, സുരേഷ് പന്തക്കൽ, എം.പി. ഇന്ദിര, ടി.എ. ലതീപ്, ജസീമ മുസ്തഫ, കെ.വി. ജയകുമാർ, വി എം. അശോകൻ എന്നിവർ സംസാരിച്ചു.