കണ്ണൂർ: ഏഴിമല നാവിക അക്കാഡമിയിൽ പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെൽട്രോൺ സ്ഥാപിച്ച മൂന്ന് മെഗാവാട്ട് സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നാവിക അക്കാഡമികളിൽ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റാണിത്. 2018 ഏപ്രിലിൽ ആരംഭിച്ച പദ്ധതി കൊവിഡ് പ്രതിസന്ധികൾക്കിടയിലും നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കെൽട്രോണിന് സാധിച്ചു. അക്കാഡമിയുടെ ആവശ്യത്തിന് ശേഷം അധികമായി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകും.
പദ്ധതിയുടെ നിർവഹണവും പ്ലാന്റിന്റെ സംയോജനവും കെൽട്രോണാണ് പൂർത്തിയാക്കിയത്. 25 വർഷം കാലാവധിയുള്ള 9180 പാനലുകളാണ് 6 ഏക്കർ സ്ഥലത്ത് സ്ഥാപിച്ചത്. തദ്ദേശീയമായി നിർമ്മിച്ച മോണോ പെർക് സെൽ സോളാർ പാനലുകളും ഒരു മെഗാവാട്ട് ശേഷിയുള്ള മൂന്ന് സെൻട്രൽ ഇൻവെർട്ടറുമാണ് പദ്ധതിയ്ക്കായി ഉപയോഗിച്ചത്. 2022 ഓടെ സോളാറിൽ നിന്നും 100 ഗിഗാവാട്ട് ഊർജ്ജ ഉൽപാദനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് നിർമാണം.
ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ ഗുണനിലവാര അംഗീകാരം ലഭിച്ച പ്ലാന്റിന്റെ അഞ്ചുവർഷത്തെ പരിപാലനവും കെൽട്രോണിനാണ്. 21.48 കോടിയാണ് പദ്ധതി ചെലവ്. പദ്ധതി മികച്ച രീതിയിൽ സമയബന്ധിതമായി നടപ്പാക്കിയതിന് നാവിക അക്കാഡമി കെൽട്രോണിനെ അഭിനന്ദിച്ചു.