കാസർകോട്: കൊവിഡ് രോഗ വ്യാപനം തീവ്രമായി നിൽക്കുന്ന കാസർകോട്ട് മറ്റു ജില്ലകളെ അപേക്ഷിച്ച് പരിശോധന കുറവാണെന്ന് ആരോപണം. മൂന്നാം ഘട്ടത്തിന്റെ ആദ്യനാളുകളിൽ ടെസ്റ്റിൽ മുന്നിലായിരുന്ന അവസ്ഥ മാറിയെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെ പാലക്കാട് ജില്ലയിൽ 1800 പേരെ പരിശോധനക്ക് വിധേയരായപ്പോൾ കാസർകോട്ട് 476 പേരിൽ മാത്രമാണ് ടെസ്റ്റ് നടത്തിയത്. കണ്ണൂർ 1651,കോഴിക്കോട് 1156 എന്നിങ്ങനെയാണ് ടെസ്റ്റുകൾ നടന്നത്. അതെ സമയം ജൂലായ് ഒന്നിന് മറ്റുപല ജില്ലകളെയും അപേക്ഷിച്ച് കാസർകോട്ട് ടെസ്റ്റ് കൂടുതലായിരുന്നു. ജില്ലയിൽ 376 പേരാണ് ജൂലായ് ഒന്നിന് പരിശോധന നടത്തിയത്.അന്ന് കണ്ണൂരിൽ പരിശോധനാനിരക്ക് കുറവായിരുന്നു. ജനങ്ങൾ പരിശോധനക്ക് വിധേയരാവാൻ മടി കാണിക്കുകയാണെന്ന പരാതിയും ഇവിടെ ആരോഗ്യ വകുപ്പിനുണ്ട്. ലക്ഷണമുണ്ടായിട്ട് പോലും പരിശോധനക്ക് വിധേയരാവാത്തവരുടെ എണ്ണം ഏറെയാണ്.
കൊവിഡ് സെന്ററുകളിൽ ചികിത്സയിൽ കഴിഞ്ഞ് മടങ്ങുന്നവർ ഉന്നയിക്കുന്ന പരാതികൾ വർദ്ധിച്ചതോടെയാണ് പലരും ടെസ്റ്റിൽ നിന്ന് മനപൂർവ്വം ഒഴിഞ്ഞു മാറുന്നത്. കേരളത്തിൽ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കൊവിഡ് പരിശോധന കുറവാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കേരളം പിറകിൽ
ഈ മാസം 20 ന് തമിഴ്നാട്ടിൽ 58475 പേരും കർണാടകയിൽ 43907 പേരും പരിശോധനക്ക് വിധേയരായപ്പോൾ കേരളത്തിൽ 14640 പേരിൽ മാത്രമാണ് ടെസ്റ്റ് നടത്തിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പരിശോധന ആനുപാതികമായി വർദ്ധിക്കുന്നില്ലെന്നതുകൊണ്ടാണെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു.
ബൈറ്റ്
കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ചു കാസർകോട് ജില്ലയിൽ ജനസംഖ്യ കുറവാണ്. രോഗികളുടെ എണ്ണവും പൊതുവെ കുറവാണ് . കൂടുതൽ എണ്ണം കാണിക്കുന്നതിന് വേണ്ടി മാത്രം കൊവിഡ് ടെസ്റ്റ് നടത്താറില്ല. കിറ്റുകളുടെ ക്ഷാമം കാരണം ഓരോ പ്രദേശത്തും കൃത്യമായ പരിശോധനയാണ് നടത്തുന്നത്. കാസർകോട് ടെസ്റ്റ് കിറ്റുകൾ കുറവാണ്.അതിന്റെ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായേക്കാം. കിറ്റുകൾ വെറുതെ കളയാൻ രോഗലക്ഷണം തീരെയില്ലാത്ത സ്ഥലത്ത് വെറുതെ ടെസ്റ്റ് നടത്തിയിട്ട് എന്തുകാര്യം. അതിന് പുറമെ ആന്റിജൻ ടെസ്റ്റ് നടത്തിയതിന്റെ കണക്കുകൾ ദിവസവും പുറത്തുവരുന്ന കണക്കുകളുടെ കൂടെ വരുന്നില്ല. വ്യാഴാഴ്ച 460 ആന്റിജൻ ടെസ്റ്റ് നടത്തി. ഇന്നലെ 528 ടെസ്റ്റുകളും നടത്തുകയുണ്ടായി.
ഡോ. എ. വി രാംദാസ്
(കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ )