തലശ്ശേരി: ഒൻപത് മക്കൾ പിറക്കുമ്പോൾ തന്ന മരിച്ചു. പത്താമത് കിട്ടിയ മകൻ ഓട്ടിസത്തിന് കീഴ്പെട്ട് വീട്ടിൽ ആകെയുള്ള മുറിയിൽ പൂട്ടിയിട്ട നിലയിൽ. മകന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്ന ഭാര്യ ശാന്ത എട്ടുമാസം മുമ്പ് ഹൃദയാഘാതത്തിന് കീഴ്പെട്ട് പിൻവാങ്ങി. ഇപ്പോൾ ഈ വീട്ടിൽ ഉറങ്ങാതെ കാവലിരിക്കുകയാണ് നട്ടെല്ല് വളഞ്ഞ നേരെ എഴുന്നേറ്റ് നിൽക്കാൻ തന്നെ പ്രയാസപ്പെടുന്ന രാഘവനെന്ന 82കാരൻ.
കൂലിവേല ചെയ്ത് ജീവിതം തള്ളിനീക്കിയിരുന്ന ചമ്പാട് അരയാക്കുൽ കോടഞ്ചേരി വീട്ടിൽ രാഘവനും വീട്ടിൽ അടച്ചിടപ്പെട്ട 26കാരനായ മകൻ രാഹുലിന്റെ ജീവിതം ഈ നാടിന് തന്നെ തീരാവേദനയാണ്. കഴിഞ്ഞ പത്ത് വർഷക്കാലമായി ജോലിക്ക് പോകാനോ,മകനെ പരിചരിക്കാനോ രാഘവന് കഴിയുന്നില്ല.
ഓട്ടിസത്തിന്റെ പിടിയിലമർന്ന മകന്റെ ജീവിതം ഈ ദരിദ്രകുടുംബത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയായിരുന്നു. കണ്ണുതെറ്റിയാൽ പുറത്തേക്ക് ഓടിപ്പോകുന്നതിനാലാണ് രാഹുലിനെ പതിനഞ്ച് വയസ്സിന് ശേഷം വീട്ടിൽ കെട്ടിയിടാൻ തുടങ്ങിയത്.
രാഹുലിനെ പരിചരിക്കാനാളില്ലാതായതോടെ ഉദാരമതികളായ നാട്ടുകാരുടെ സഹായത്താൽ എട്ട് മാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിൽ കിടത്തി ചികിത്സിച്ചു.മൂന്ന് ലക്ഷത്തോളം രൂപ ഇതിനായി ചിലവായി.നേരത്തെ ഉണ്ടായിരുന്ന നിലംപൊത്താറായിരുന്ന വീട് പൊളിച്ച് പന്ന്യന്നൂർ പഞ്ചായത്തിന്റെ സഹായത്തോടെ ഒരു കൊച്ചു വീട് നിർമ്മിച്ചു നൽകിയിട്ടുണ്ട്. പണിതീരാത്ത ഈ കൊച്ചുവീട്ടിലാണ് രാഹുൽ രാപകലറിയാതെ ഇപ്പോൾ കഴിയുന്നത്. അമ്മയുടെ മരണശേഷമാണ് ഈ കുടുംബത്തിന്റെ ദൈന്യത സമീപവാസികൾ പോലും അറിയുന്നത്.അവരാണ് ഇവർക്ക് ഇപ്പോൾ ഭക്ഷണമെത്തിച്ചു നൽകുന്നത്.
ആരെങ്കിലും രാഹുലിനെ ഏറ്റെടുത്ത് സംരക്ഷിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് നാട്ടുകാർ പങ്കുവെക്കുന്നത്.