krii
​ര​വീ​ന്ദ്ര​ൻ​ ​തൊ​ടീ​ക്ക​ളം കൃഷിയിടത്തിൽ

കൂത്തുപറമ്പ്: കാർഷിക രംഗത്ത് അറിവ് പകരുക മാത്രമല്ല മണ്ണിൽ പൊന്ന് വിളയിക്കാനും സാധിക്കുമെന്ന് തെളിയിക്കുകയാണ് റിട്ട: കൃഷി ഓഫീസർ രവീന്ദ്രൻ തൊടീക്കളം. ലോക് ഡൗൺ കാലയളവിൽ സർക്കാർ പ്രഖ്യപിച്ച സുഭിക്ഷ കേരളം പദ്ധതി ചാലഞ്ചായി ഏറ്റെടുത്തു കൊണ്ടാണ് റിട്ട. കൃഷി ഓഫീസർ മണ്ണിലിറങ്ങിയത്.

കിലാ ഫാക്കൽറ്റി അംഗം കൂടിയായ രവീന്ദ്രൻ തൊടീക്കളം കാർഷിക വേദികളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം വിവിധ പത്രങ്ങളിലേയും ആനുകാലികങ്ങളിലേയും കോളമിസ്റ്റുമാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ കൂടുതൽ സമയം മണ്ണിലിറങ്ങാൻ കർഷക സ്നേഹിയായ രവീന്ദ്രന് സമയം ലഭിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ലോക് ഡൗൺ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കുന്നതായി മാറി.

തൊടീക്കളത്തെ വീട്ടിനടുത്തുള്ള 15 സെന്റ് സ്ഥലത്താണ് വിവിധ ഇനം കാർഷിക വിളകൾ ഉത്പാദിപ്പിച്ചിട്ടുള്ളത്. പൊട്ടിക്ക, പാവൽ, പയർ, വെണ്ട, വെള്ളരി, കക്കിരി, വഴുതിന എന്നിവയോടൊപ്പം ഇഞ്ചി, മഞ്ഞൾ, വാഴ, കപ്പ എന്നിവയെല്ലാമാണ് കൃഷി ഇറക്കിയിട്ടുള്ളത്. കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് നേരത്തെ ഇദ്ദേഹത്തെ കർഷക മിത്ര അവാർഡ് നൽകി സർക്കാർ ആദരിച്ചിരുന്നു. 35 വർഷത്തെ പ്രവർത്തനത്തിനിടയിൽ കൃഷി വകുപ്പിൽ ഒട്ടേറെ പരിഷ്ക്കരണങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.