നീലേശ്വരം: ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് വാക്കുകളിലൊതുങ്ങി. ഇതോടെ റോഡ് അറ്റകുറ്റപണി ചെയ്യാത്തതും യാത്രക്കാരെ കുഴിയിലാക്കുന്നു. റോഡിൽ രണ്ടു വർഷമായി അറ്റകുറ്റപണി ചെയ്യാത്തതിനാൽ പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്.

നീലേശ്വരം -ഇടത്തോട് റോഡിൽ പൂവാലംകൈ, ബ്ലോക്ക് ഓഫീസ് പുത്തരിയടുക്കം, ചായ്യോം ബസാർ, നരിമാളം, ചോയ്യങ്കോട് മാവേലി സ്റ്റോർ പരിസരം എന്നിവിടങ്ങളിലാണ് റോഡ് പൊട്ടിപൊളിഞ്ഞിരിക്കുന്നത്. ചായ്യോം ബസാറിൽ വലിയ കുഴി പ്രത്യക്ഷപ്പെട്ട് രണ്ട് വർഷമായി. ഇവിടെ അപകടം പതിവായതിനാൽ നാട്ടുകാരാണ് പലപ്പോഴും കല്ലും ജില്ലിയും കൊണ്ടിട്ട് കുഴി മൂടുന്നത്. അത് പോലെ പൂവാലംകൈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യാൻ വേണ്ടി കഴിഞ്ഞ നവംബർ മാസത്തിൽ തന്നെ റോഡ് കിളച്ചിട്ടിരുന്നു. പിന്നീട് വന്ന കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും കാരണം പറഞ്ഞാണ് റോഡ് പണി നീട്ടിയത്. ഇടത്തോട് റോഡിൽ പുത്തരിയടുക്കം, ഇടിചൂടി, ചായ്യോത്ത് ഹൈസ്കൂൾ പരിസരം എന്നിവിടങ്ങളിൽ മൂന്ന് കൾവർട്ട് പണിതെങ്കിലും ഇതിന്റെ രണ്ടു ഭാഗത്തും കുഴികൾ പ്രത്യക്ഷപ്പെട്ടതിനാൽ യാത്ര ദുസ്സഹമായിരിക്കയാണ്.