തളിപ്പറമ്പ്: കൊവിഡ് പോസിറ്റീവായ കാസർകോട് സ്വദേശിനി സിസേറിയൻ ശസ്ത്രക്രിയയിലൂടെ പെൺകുട്ടിക്ക് ജൻമം നൽകി. കഴിഞ്ഞദിവസം കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ നിന്നും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെട്ട മുപ്പതുകാരിയായ യുവതിക്ക് ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
പ്രമുഖ പ്രസവ സ്ത്രീരോഗ വിദഗ്ദ്ധൻ ഡോ. എസ്. അജിത്തിന്റെ നേതൃത്വത്തിലുള്ള ടീമിലെ ഡോ.ശബ്നം നമ്പ്യാരാണ് ശസ്ത്രക്രിയ നടത്തിയത്. 3.1 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോ.അജിത്ത് പറഞ്ഞു.
45 യുവതികളാണ് ഇപ്പോൾ നിരീക്ഷണത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലുള്ളത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടവരിൽ എട്ടാമത്തെ ശസ്ത്രക്രിയയാണ് ഇന്നലെ പുലർച്ചെ നടന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ്19 പോസിറ്റീവായ യുവതികളുടെ പ്രസവ ശസ്ത്രക്രിയ നടന്നത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ്.