കണ്ണവം: കണ്ണവം കാട്ടിലെ ചെന്നപൊയിലിലും പരിസരങ്ങളിലും കാട്ടാന ഉൾപ്പടെ വന്യമൃഗങ്ങളുടെ ശല്യം തുടരുന്നത് കർഷകരെ കണ്ണീരിലാഴ്ത്തുന്നു. കൊവിഡ് കാരണം മറ്റ് തൊഴിൽ ചെയ്യാൻ കഴിയാതെ വന്നതോടെ പ്രദേശവാസികൾ കൃഷിയിൽ സജീവമായ സാഹചര്യത്തിലാണ് കടുത്ത ദുരിതം ഈ മേഖല നേരിടുന്നത്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഭാസ്കരൻ എന്ന ആളുടെ മാത്രം 2500 ഓളം വാഴകളാണ് നശിപ്പിച്ചത്. വനംവകുപ്പിൽ ഉൾപ്പടെ പരാതി നൽകിയെങ്കിലും ഇതുവരെ നഷ്ടപരിഹാരമോ മറ്റ് ആനുകൂല്യമോ ലഭിച്ചിട്ടില്ല.1500 വാഴകളുടെ കണക്കെടുത്താൽ വെറും 100 വാഴകളുടെ നഷ്ടപരിഹാരം മാത്രമാണ് ലഭിക്കുകയെന്നതാണ് വനം വകുപ്പിനെതിരെ കർഷകർ ഉയർത്തുന്ന ആക്ഷേപം.
ആനയും മറ്റ് വന്യജീവികളും കൃഷിയിടങ്ങൾ നശിപ്പിച്ചാൽ വന സംരക്ഷണ സമിതി പ്രത്യേക നഷ്ടപരിഹാരം നൽകുന്നുണ്ട്. എന്നാൽ കണ്ണവം കാടിന്റെ വനസംരക്ഷണ സമിതിയുടെ കീഴിൽ മതിയായ ഫണ്ട് ഉണ്ടായിട്ടും വനംവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ കർഷകർക്ക് പ്രതിഷേധമുണ്ട്. ഇവിടുത്തെ പല കർഷകരും ആത്മഹത്യയുടെ വക്കിൽ നിൽക്കുകയാണ്.
കൊവിഡ് കാരണം സ്കൂൾ തുറക്കാത്തത് നിലവിൽ ഇവിടെയുള്ളവർക്ക് വലിയ ആശ്വാസമാണ്. വന്യമൃഗ ശല്യം കാരണം കൃത്യസമയത്ത് സ്കൂളിൽ എത്തണമെങ്കിൽ പുലർച്ചെ ആറിനും ഏഴിനും ഒക്കെ വീട്ടിൽ നിന്നും ഇറങ്ങുന്ന ശീലമാണ് ഇവിടുത്തെ വിദ്യാർത്ഥികൾക്ക്. ആന ഇറങ്ങുന്ന ഭാഗത്ത് കൂടി വേണം കുട്ടികൾക്ക് നടന്നുപോകാൻ.
കൃഷി വായ്പയിൽ
ഭൂരിഭാഗവും ബാങ്കുകളിൽ നിന്നും കുടുംബശ്രീയിൽ നിന്നും വായ്പയെടുത്തും സ്വർണ്ണം പണയം വച്ചും ഒക്കെയാണ് കൃഷി നടത്തുന്നത്. എന്നാൽ ഇവിടെ നിന്നും 35 ഓളം കുടുംബങ്ങൾ താമസത്തിനും കുട്ടികളെ പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടും കാരണം കോളയാട്, കണ്ണവം കോളനി, പന്നിയോട് എന്നിവിടങ്ങളിലേക്ക് മാറി താമസിക്കുന്നവരുണ്ട്.
കർഷകരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. വനംവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല. നേന്ത്രവാഴ, കപ്പ, ചേമ്പ്, കുരുമുളക്, കവുങ്ങ്, വാഴ, തെങ്ങ് എന്നിവയുടെ അഞ്ചൂറും അറുന്നൂറും തൈകളാണ് ഓരോരുത്തർക്കും നഷ്ടപ്പെട്ടത്.
സുനിൽ ചെന്നപ്പൊയിൽ