കണ്ണൂർ: ജില്ലയിലെ ബാങ്ക് പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് നിർദേശം നൽകിയത്. ബാങ്ക് ശാഖകളിൽ ഒരു സമയം ഒരു ഇടപാടുകാരനു മാത്രമേ പ്രവേശനം ഉണ്ടാകൂ. പ്രായമായവരും കുട്ടികളും ബാങ്ക് സന്ദർശനം ഒഴിവാക്കണം. ബാങ്കിൽ പ്രവേശിക്കുന്നതിനു മുമ്പും ഇടപാടുകൾക്ക് ശേഷവും കൈകൾ അണുവിമുക്തമാക്കണം. ബാങ്കിന് പുറത്ത് കാത്ത് നിൽക്കുന്ന ഇടപാടുകാരും സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കാതെ പ്രവേശിക്കാൻ പാടില്ല. ഇടപാടുകൾക്കായി പരമാവധി ഡിജിറ്റൽ/ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ ഉപയോഗിക്കുക. എ.ടി.എം ഉപയോഗിച്ച ശേഷം കൈകൾ ശുചിയായി സൂക്ഷിക്കുക. എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയതായി ജില്ലാ ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.