kovid

കാസർകോട് :എസ് .ഐ, എ .എസ്. ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കുമ്പള പൊലീസ് സ്റ്റേഷനും കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനും അടച്ചിട്ടു. രണ്ടിടങ്ങളിലും ഫോൺ കോൾ അറ്റൻഡ് ചെയ്യുന്നതിന് മാത്രം ഒരു പൊലീസുകാരനെ വീതം ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

48 വയസുള്ള കാലിക്കടവിൽ താമസിക്കുന്ന കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ് ഐ, 46 വയസുള്ള കുമ്പള പൊലീസ് സ്റ്റേഷനിലെ എ .എസ് .ഐ പയ്യന്നൂർ കണ്ടോത്ത് സ്വദേശിക്കുമാണ് ഇന്നലെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കുമ്പളയിൽ ജോലി ചെയ്യുന്ന പെരിങ്ങോം പാടിച്ചാലിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനും പുതുക്കൈ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കുമ്പളയിൽ 35 ഓളം പൊലീസ് ഉദ്യോഗസ്ഥർ ഇതേ തുടർന്ന് ക്വോറന്റൈനിൽ പോയിട്ടുണ്ട്. രോഗം ബാധിച്ച ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷന്റെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടയാളുകൾ ആയതിനാൽ സമ്പർക്കം വഴി രോഗം പകരുമെന്ന ആശങ്കയിലാണ് പൊലീസുകാർ. കുമ്പള പഞ്ചായത്ത് മുഴുവൻ രോഗം വ്യാപിക്കുന്നതിനാൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം തടസപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് നിർദേശം നൽകിയതായി കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ് .പി എം .സുനിൽകുമാർ പറഞ്ഞു.