മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ പുറത്തു നിന്നെത്തുന്ന ടാക്സികളെ അനുവദിക്കില്ലെന്ന് കിയാൽ അധികൃതർ അറിയിച്ചു. ടാക്സികളുടെ പ്രവേശനം സംബന്ധിച്ച് വിമാനത്താവളത്തിലെ കൊവിഡ് പ്രോട്ടോക്കോൾ ഇൻസിഡൻറ് കമാൻഡറായ തലശ്ശേരി സബ് കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് പ്രകാരം വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കോൺട്രാക്ടർ ആവശ്യമായ ടാക്സികൾ ഒരുക്കി നിർത്തും. എന്നാൽ യാത്രക്കാരോ ബന്ധുക്കളോ പുറത്തു നിന്നുള്ള ടാക്സികൾ മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ അത്തരം ടാക്സികൾക്ക് വിമാനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റാം.

ഈ വാഹനങ്ങൾ നിലവിൽ വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സികൾ നൽകുന്ന ഫീസ് ടോൾ ഗേറ്റിൽ അടയ്ക്കണം. തുടർന്ന് പ്രത്യേക സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം യാത്രക്കാർ വിളിക്കുന്ന മുറയ്ക്ക് ടെർമിനലിലെത്തി യാത്രക്കാരെ കയറ്റിക്കൊണ്ടു പോകണം. ടോൾ ഗേറ്റിൽ ഫീസടച്ച ശേഷമാണ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കേണ്ടത്. അതേ സമയം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുവിടാനായി സ്വകാര്യ ടാക്സികൾക്ക് എത്താം. നിബന്ധനകളുമായി സഹകരിക്കണമെന്ന് കിയാൽ എം.ഡി. വി. തുളസീദാസ് ആവശ്യപ്പെട്ടു.